200 രൂപ നോട്ട്‌ വരുന്നു

keralanews arriving rs 200

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഗവണ്മെന്റ് അംഗീകാരം കുടി ലഭിച്ച ശേഷം ജൂൺ കഴിഞ്ഞിട്ടായിരിക്കും  200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.

ഇനി ചെക്ക് പോസ്റ്റുകള്‍ ഇല്ല; പകരം സിസിടിവി

തിരുവനന്തപുരം: ചരക്കു സേവന നികുതി നടപ്പാക്കുന്നതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ പകരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വാണിജ്യ നികുതി വിഭാഗം അറിയിച്ചു.നികുതിയില്ലാത്ത അസംസ്കൃത വസ്തുകള്‍ ഉപയോഗിച്ച് വില കൂടിയ വസ്തുക്കള്‍ നിര്‍മ്മിച്ച് പ്രധാന പാതകള്‍ക്ക് പുറമെ ചെറുവഴികളിലൂടെയും കടത്താന്‍ സാധ്യതയുള്ളതിനാല്‍ അത്തരം ഊടു വഴികളിലും ക്യാമറകള്‍ സ്ഥാപിക്കും എന്ന് മന്ത്രി തോമസ് ഐസക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതിര്‍ത്തി കടക്കുന്ന ചരക്കു വാഹനളുടെ ചിത്രം സിസിടിവി ക്യാമറയുപയോഗിച്ച് പകര്‍ത്തി വാണിജ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും. വാഹന നമ്പരും ഇന്‍വോയിസ് നമ്പരും ഒത്തു നോക്കി നികുതി അടച്ചാണോ ചരക്കു കടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക്  ഉറപ്പു വരുത്താം. ക്യാമറകള്‍ വാങ്ങുവാനുള്ള ടെണ്ടര്‍ വിളിക്കുവാന്‍ തീരുമാനം കൈകൊണ്ടിട്ടുണ്ട്. വാളയാറിലായിരിക്കും സിസിടിവി ക്യാമറകള്‍ ആദ്യം സ്ഥാപിക്കുക.

ജാക്കിപ്പുറത്തെ വീട്

keralanews house on jackie

തളിപ്പറമ്പ്: വീടിനുമുന്നിലെ റോഡ് ഉയര്‍ന്നപ്പോള്‍ മഴക്കാലത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷനേടാൻ ഹംസ കണ്ടെത്തിയ വഴി എല്ലാവരിലും കൗതുകമാകുന്നു. ഹംസയുടെ വീട് ഇപ്പോള്‍ ജാക്കിപ്പുറത്താണ്. 25 ജാക്കികള്‍ക്കുമുകളില്‍ നീളത്തിലുള്ള ഉരുക്ക് ലിവറുകളിലാണ് ചുമരുകള്‍ ഉറപ്പിച്ചുനിര്‍ത്തിയത്. ഇനി കെട്ടിടം ആവശ്യത്തിന് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം. കെട്ടിടത്തിന്റെ ഭിത്തികളില്‍ പുതുതായി ഒരു ചെറുവിടവുപോലുമില്ല. രണ്ടായിരത്തിലേറെ സ്‌ക്വയര്‍ഫീറ്റ്  ഉള്ള വീടിന്റെ താഴെ പണിനടന്നുകൊണ്ടിരിക്കെ മുകള്‍നിലയില്‍ തൊഴിലാളികള്‍ താമസിക്കുന്നമുണ്ട്. ഹരിയാണയിലെ സിസോദിയ ആന്‍ഡ് സണ്‍സ് ഹൗസ് ലിഫ്റ്റിങ് കമ്പനിയാണ് ചെരിഞ്ഞ കെട്ടിടം നേരെയാക്കല്‍, താഴ്ന്നവ ഉയര്‍ത്തല്‍, കെട്ടിടം സ്ഥലംമാറ്റല്‍ എന്നീ ജോലികള്‍ ഏറ്റെടുത്തുനടത്തുന്നത്. പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നത് ബല്‍വാന്‍ സിസോദയ്.

സച്ചിന്‍ പാടുന്നു

keralanews sachin sings

മുംബൈ : ഗ്രൗണ്ടുകളെ ബാറ്റ് കൊണ്ട് പൂരപറമ്പാക്കിയിരുന്ന സച്ചിന്‍ പല തലമുറകള്‍ക്കും ക്രിക്കറ്റ് എന്ന കായിക ഇനത്തിലേക്ക് വരാനുള്ള പ്രചോദനമായിട്ടുണ്ട്. എന്നാല്‍ വിരമിച്ചതിന് ശേഷം ക്രിക്കറ്റന് പുറമെയുള്ള മേഖലകളില്‍ പരീക്ഷണം നടത്താനാണ് അദ്ദേഹം ശ്രദ്ധപുലര്‍ത്തുന്നത്. ഫുട്ബോളിലും അഭിനയത്തിലും പയറ്റിനോക്കിയ സച്ചിൻ ഇപ്പോഴിതാ സംഗീതത്തിലും ഒരു കൈ നോക്കുകയാണ് . പ്രശസ്ത ഗായകന്‍ സോനു നിഗത്തിനൊപ്പം “ക്രിക്കറ്റ് വാലി ബീറ്റ്” എന്ന ഗാനം ആലപിച്ചാണ് സച്ചിന്‍ സംഗീത ലോകത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. സച്ചിന്‍ മികച്ച ഒരു ഗായകനാണെന്ന് സോനു നിഗം അഭിപ്രായപ്പെട്ടു. ശരിയായ ശ്രുതിയല്‍ ഗാനം ആലപിച്ചതു കൊണ്ട് പിച്ച് കറക്ടര്‍ പോലും ഉപയോഗിക്കേണ്ടി വന്നില്ല. പൊതുവെ പിന്‍വലിഞ്ഞ് നില്‍ക്കുന്ന സ്വഭാവമുള്ള സച്ചിന്‍ സ്റ്റുഡിയോയില്‍ ഊര്‍ജസ്വലനായിരുന്നെന്നും. ജനങ്ങള്‍ പാട്ട് ഇഷ്ടപെടുന്നതില്‍ വലിയ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു

എല്‍.എസ്.ഡി.യുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ

keralanews l-s-d-2 men arrested

കണ്ണൂര്‍: സ്റ്റാമ്പ് രൂപത്തിലാക്കി നാക്കില്‍ ഒട്ടിച്ച് ലഹരി നുണയുന്ന മാരക മയക്കുമരുന്നായ എല്‍.എസ്.ഡി.യുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. ടി.സി.ഹര്‍ഷാദ്, കെ.വി.ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കൊയ്യോട് സ്വദേശികളാണ്. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ്. വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം മെയ് 15 വരെ നടപ്പിലാക്കരുതെന്ന് ഹൈക്കോടതി

keralanews new driving test paused

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥ നടപ്പാക്കുന്നതിന് മെയ് 15 വരെ മാറ്റിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ പഴയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മതിയെന്നു ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ആവശ്യത്തിന് അടിസ്ഥാനസൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദ്ദേശം.

പുതിയ രീതി അനുസരിച്ച് കാര്‍ ലൈസൻസിൽ എച്ചിനു പുറമേ റിവേഴ്‌സ് പാര്‍ക്കിംഗ്, വാഹനം കയറ്റത്തു നിര്‍ത്താനുള്ള കഴിവ് എന്നിവ പരിശോധിക്കുന്നതും നിര്‍ബന്ധമാക്കി ഫെബ്രുവരി 16നാണ് പുതിയ സര്‍ക്കുലര്‍ ഇറങ്ങിയത്.

ഫോണിലൂടെ മൊഴിചൊല്ലിയ ഭർത്താവിനെതിരെ യോഗി ആദിത്യനാഥിന് യുവതിയുടെ പരാതി

keralanews up janatha darbar

ലക്നൗ: ഫോണിലൂടെ മൊഴിചൊല്ലിയ ഭർത്താവിനെതിരെ പരാതിയുമായി യുവതി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചു. വിവാഹത്തിന് ശേഷം തന്നെ   ക്രൂര പീഡനത്തിനിരയാക്കിയ ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയെന്നാണ് പരാതി. സബ്രീന  എന്ന യുവതിയാണ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന്റെ ജനത ദർബാറിൽ പരാതിയുമായി എത്തിയത്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേരിട്ട് പരാതി കേൾക്കുന്ന പരിപാടിയാണ് ജനത ദർബാർ.

അയോദ്ധ്യ പ്രശ്നത്തിനുള്ള പരിഹാരം ചർച്ചകളിലൂടെ: യോഗി ആദിത്യനാഥ്

keralanews yogi adithyanath ayodhya issue

ലഖ്‌നൗ: അയോധ്യ തര്‍ക്കവിഷയത്തില്‍ പരിഹാരം കാണുന്നതിന് സുപ്രീംകോടതിക്ക് പൂർണപിന്തുണയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചര്‍ച്ചകളാണ് പരിഹാരം കാണാനുള്ള ഏകവഴിയെന്നും എല്ലാപാര്‍ട്ടികളും വിഷയത്തില്‍ പരിഹാരം കാണാനായി ഒന്നിച്ചിരിക്കണമെന്നും  അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ മാര്‍ച്ച് 21നാണ് ബാബറി മസ്ജിദ്- അയോധ്യാ തര്‍ക്കം കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

88 കുപ്പി മാഹിമദ്യവുമായി പിടിയില്‍

keralanews mahi liquor caught by police

തലശ്ശേരി: മാഹിയില്‍നിന്ന് ഓട്ടോയില്‍ തളിപ്പറമ്പിലേക്ക് 88 കുപ്പി മാഹിമദ്യം കടത്തുകയായിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് പൊന്ന്യത്തുവെച്ചാണ് വാഹനപരിശോധനയ്ക്കിടെ മദ്യം പിടികൂടിയത്. തളിപ്പറമ്പ് ടൗണില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.പി.മുരളീധരന്‍, സോമന്‍, ഉമേഷ്, ബഷീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ജനങ്ങള്‍ അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

keralanews people must limit the usage of electricity cm

തിരുവനന്തപുരം : കടുത്ത വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനത്തെ കാര്യമായി ബാധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ആവശ്യകത പരമാവധി കുറച്ച് ഈ സാഹചര്യം മറികടക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രതിസന്ധികള്‍ക്ക് നടുവിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.