രാജ്‌കോട്ട്: ഐപിഎല്ലിന്റെ പത്താമുദയത്തിലെ ആദ്യ പത്തുവിക്കറ്റ് വിജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഗുജറാത്ത് ലയണ്‍സസിനെതിരെയാണ് കൊല്‍ക്കത്ത തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ കൊല്‍ക്കത്ത മറികടന്നു. അര്‍ദ്ധ സെഞ്ച്വറികളോടെ വെടിക്കെട്ട് തീര്‍ത്ത ക്യാപ്റ്റന്‍ ഗംഭീറും ക്രിസ് ലയോണുമാണ് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്.
കണ്ണൂരിൽ ഗതാഗതകുരുക്ക്
കണ്ണൂർ: ദേശീയപാതയിൽ വെള്ളിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ കണ്ണൂർ നഗരം ശ്വാസം മുട്ടി. രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയായതോടെയാണ് കടുത്തത്. ട്രാഫിക് സംവിധാനം മുഴുവൻ താളം തെറ്റി .കാൽടെക്സിൽ നിന്ന് താഴെചൊവ്വയിലെത്താൻ രണ്ടുമണിക്കൂറെടുത്തു. സമയം പാലിക്കാനാവാതെ ചില ബസ്സുകൾ ഓട്ടം നിർത്തി. താഴെചൊവ്വയിലെ പാലത്തിന്റെ വീതിക്കുറവും കാപ്പാട് റോഡിൽനിന്നും സിറ്റി ഭാഗത്തുനിന്നും വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും ആണ് ഗതാഗതകുരുക്ക് ഇത്ര രൂക്ഷമാകാൻ കാരണം
ചേട്ടന് വേണ്ടി മരിക്കാനും തയ്യാര്‍
കോഴിക്കോട് : നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ. ചേട്ടന് വേണ്ടി മരിക്കാനും തയ്യാറാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. പ്രതികളെ പിടികൂടുന്നതുവരെ സമരം തുടരുമെന്നും അവിഷ്ണ അറിയിച്ചു.അമ്മ മഹിജയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് അവിഷ്ണയും 10 ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് വളയത്തെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ നിരാഹാരസമരം ആരംഭിച്ചത്. ശനിയാഴ്ചയും സമരം തുടരാനാണ് അവിഷ്ണയുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും തീരുമാനം. ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന്‍ അശോകനും ബന്ധുക്കളും തിരുവനന്തപുരത്ത് നിരാഹാരസമരം തുടരുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വീട്ടില്‍ അവിഷ്ണയും ബന്ധുക്കളും നാട്ടുകാരും സമരം നടത്തുന്നത്.
മെട്രോ സ്‌റ്റേഷനിലെ വാതിലില്‍ തലകുടുങ്ങി നിസ്സഹായകയായി മധ്യവയസ്‌ക
ന്യൂയോര്‍ക്ക്: വാതിലില്‍ തലകുടുങ്ങി നിസ്സഹായകയായി നില്‍ക്കുന്ന മധ്യവയസ്‌കയെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് നടന്നു നീങ്ങുന്ന ജനങ്ങള്‍. ന്യൂയോര്‍ക്ക് മെട്രോ സ്‌റ്റേഷന്‍ സബ്‌വേയിലാണ് സംഭവം. തലകുടുങ്ങി മണിക്കൂറോളമാണ് മധ്യവയസ്‌ക സഹായമപേക്ഷിച്ച് നിന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ കുറഞ്ഞ സമയംകൊണ്ട് കണ്ടത് പന്ത്രണ്ട്‌ലക്ഷത്തിലധികം പേരാണ്. തന്നെ രക്ഷിക്കണമെന്ന് ഇവര്‍ വിളിച്ചു പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി പോലും ഭാവിക്കുന്നില്ല. സ്റ്റേഷന്‍ അധികൃതര്‍ ഉള്‍പ്പെടെ ഇവര്‍ക്ക് സമീപം നടന്നു പോകുന്നത് വീഡിയോയില്‍ കാണാം.
കമലഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടുത്തം
ചെന്നൈ : ഉലകനായകന്‍ കമലഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടുത്തം. പുലര്‍ച്ചെ ആല്‍വാര്‍പ്പേട്ടയിലെ വസതിയിലായിരുന്നു തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്‍ക്കും അപകടമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ അറിയിച്ചു. തന്നെ രക്ഷിച്ചത് ജോലിക്കാരാണെന്നും കമലഹാസന്‍ അറിയിച്ചു.
പത്രപ്പരസ്യം അതീവ വേദനാജനകമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യം വസ്തുതാ വിരുദ്ധമാണെന്നും തന്നോട് ഒരുവാക്കുപോലും ചോദിക്കാതെയാണ് പരസ്യം നല്‍കിയതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാരം കിടക്കുന്ന മഹിജ വ്യക്തമാക്കി. മകന്റെ കാര്യത്തില്‍ സര്‍ക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്ക് എതിരാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ പ്രതികരിച്ചു.
ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ചിട്ടില്ല, ജിഷ്ണുവിന്റെ ബന്ധുക്കളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല, കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ് ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്, ഡിജിപി ഓഫീസിന്റെ മുന്നിൽ നടന്ന സംഭവങ്ങൾ സർക്കാരിനെതിരെയുള്ള നീക്കങ്ങളാണ് , ഇതൊക്കെയാണ് പരസ്യത്തിൽ പ്രസ്താവിച്ചിട്ടുള്ളത്.
ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തുവിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളും പൊലീസ് പിടിയില്‍. പതിനാറ് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഏഴു പേര്‍ പ്രായ പൂര്‍ത്തിയാകാത്തവരാണ്. ഇവരെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കുകയും മറ്റ് പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രതികളെല്ലാവരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ചേര്‍ത്തലയില്‍ ഉത്സവപ്പറമ്പില്‍ നടന്ന സംഘര്‍ഷത്തിനിടെ കഴിഞ്ഞ ദിവസമാണ് അനന്തു കൊല്ലപ്പെട്ടത്. നെഞ്ചിലും വയറിനും മാരകമായ മര്‍ദ്ദനമേറ്റ അനന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. വയലാര്‍ രാമവര്‍മ്മ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു അനന്തു. ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിയ അനന്തുവിനെ ഓടിച്ചിട്ട് തല്ലിവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു.
”മക്കള്‍ക്ക് മാതാപിതാക്കള്‍ കരുത്ത് പകര്‍ന്നുനല്‍കണം”: ആര്‍ ശ്രീലേഖ ഐപിഎസ്
പത്തനാപുരം : മക്കള്‍ക്ക് മാതാപിതാക്കള്‍ ജീവിതത്തില്‍ കരുത്ത് പകര്‍ന്നു നല്‍കണമെന്ന് സംസ്ഥാന ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ ഐ.പി.എസ്. സ്‌നേഹം, ദയ, നല്ല ശീലം എന്നവയ്‌ക്കെല്ലാം കരുത്ത് പ്രധാനമാണ്. ദുഷ്ട ശക്തികള്‍ക്കെതിരെയും തിന്മകള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കെതിരെയുമുള്ള നീതിയുടെ പാതയില്‍ എനിക്ക് കരുത്താണ് എന്തിനും പ്രചോദനമായത്. പത്തനാപുരം ഗാന്ധിഭവനില്‍ ജില്ലാ ഷെല്‍ട്ടര്‍ ഹോമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍. ശ്രീലേഖ ഐ.പി.എസ്.
സ്ത്രീപീഡനത്തിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിക്കൊണ്ട് മജീഷ്യന്‍ പ്രമോദ് കേരളയുടെ മാജിക് പ്രകടനവും നടന്നു. അക്യുപ്രഷര്‍ മോട്ടീവേറ്റഡ് കൗണ്‍സിലര്‍ അജിത അനില്‍, വിശ്വകുമാര്‍ കൃഷ്ണജീവനം, സുജയ് പി. വ്യാസന്‍ എന്നിവരാണ് മാജിക് പ്രകടനത്തില്‍ പങ്കെടുത്തത്. ഷാഹിദാ കമാല്‍ അധ്യക്ഷത വഹിച്ചു.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി
മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളേയും പിടിച്ച ശേഷം മുഖ്യമന്ത്രി തന്നെ കാണാന്‍ വന്നാല്‍ മതിയെ മഹിജയുടെ പ്രതികരണത്തോടായിരുന്നു മണിയുടെ പരിഹാസം. മുഖ്യമന്ത്രി കാണാന്‍ എത്തുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്ന് മണി പറഞ്ഞു.
മഹിജയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച് മണി നേരത്തേയും രംഗത്തെത്തിയിരുന്നു. പൊലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നും അവര്‍ യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കയ്യിലാണെന്നുമായിരുന്നു മണിയുടെ വിമര്‍ശനം.സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു.
ഇന്‍ഡോര്‍ സ്റ്റേഡിയം തകർന്നു രണ്ടുപേർക്ക് പരിക്ക്
പെരിങ്ങോം: വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മാണം നടക്കുന്ന ഹാന്‍ഡ്‌ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തകർന്നു രണ്ടു പേർക്ക് പരിക്ക്. മലയോരമേഖലയിലെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയമാണിത്. മേല്‍ക്കൂരയുടെ കമ്പികള്‍ തകർന്നു വീണാണ് അപകടം. ഹര്‍ത്താലും സ്‌കൂള്‍ അവധിയും ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെറുപുഴ പോലീസും പെരിങ്ങോം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.