മാമ്പഴമേളയ്ക്ക് തുടക്കം

keralanews mango fruit fest

ഇരിട്ടി : വാണിയപ്പാറ മലബാർ മാവു കർഷക സമിതിയുടെയും കെ.വി.ഫ്രൂട്‌സിന്റെയും നേതൃത്വത്തിൽ അങ്ങാടിക്കടവിൽ ആരംഭിച്ച മാമ്പഴമേളയും ജനകീയ മാർക്കറ്റും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാവുകൃഷി പ്രചാരകനുള്ള മരണാനന്തര എൻഡോവ്‌മെന്റ് വിതരണവും മികച്ച മാവുകർഷകരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസും മലബാർ മാവുകർഷക സമിതിയുടെ അംഗത്വവിതരണം ഫാ. തോമസ് മുണ്ടമറ്റവും നിർവഹിച്ചു. നാടൻ മാവിനങ്ങളായ കുറ്റ്യാട്ടൂർ, മൂവാണ്ടൻ, താളി, മുതലമട പാലക്കാടു നിന്നുള്ള സോത്ത, റുമാനിയ അപ്പൂസ്, അപ്പൂസ്, സിന്ദൂരം, നീലം, നാട്യചേല, ബംഗനപ്പള്ളി തുടങ്ങിയ ഇനങ്ങളും കൃഷി വിജ്ഞാനകേന്ദ്രം കണ്ണൂരിന്റെ കണ്ണൂരിന്റെ സാങ്കേതികവിദ്യാ സഹായത്തോടെ നിർമിക്കുന്ന അച്ചാറുകളും വിവിധ തരം പച്ചക്കറികളും മേളയിൽ ലഭിക്കും.

വിഷു ഖാദിമേളയ്ക്കു തുടക്കം

keralanews vishu khhadi fest

കണ്ണൂർ∙ കേരള ഖാദി ഗ്രാമ വ്യവസായത്തിന്റെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ജില്ലാതല വിഷു ഖാദി മേള ആരംഭിച്ചു. രാവിലെ 9.30 മുതൽ രാത്രി എട്ടു വരെയാണു പ്രവേശനം. ഖാദി സിൽക്ക് സാരികൾ, സമ്മർകൂൾ ഷർട്ടുകൾ, ബെഡ് ഷീറ്റ്, കോട്ടൺ, സിൽക്ക് ഷർട്ട് പീസുകൾ, ചൂരൽ ഉത്പന്നങ്ങൾ, കൃഷ്ണ വിഗ്രഹങ്ങൾ, ആയുർ‍വേദ ഉത്പന്നങ്ങൾ, സോപ്പ്, തേൻ തുടങ്ങിയവ ലഭിക്കും. ഖാദി തുണിത്തരങ്ങൾക്ക് 30% ഗവ. റിബേറ്റ് ലഭിക്കും. മേള 13നു സമാപിക്കും.

കാട്ടാന കുത്തിക്കൊന്ന റെജി എബ്രഹാമിന് നാടിന്റെ അന്ത്യപ്രണാമം

keralanews elephant attack

ഇരിട്ടി ∙ ആറളം ഫാമിൽ കാട്ടാന കുത്തിക്കൊന്ന വാളത്തോട് വടക്കേ തുരുത്തേൽ റെജി എബ്രഹാമിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യപ്രണാമം. ജനപ്രതിനിധികളും മത- രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ വൻ ജനാവലി അന്തിമോപചാരം അർപ്പിക്കാൻ എത്തി. നിർധന സാഹചര്യത്തിലുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു റെജി. ആറളം ഫാമിൽ സ്വകാര്യവ്യക്തി കരാർ എടുത്തു നടത്തുന്ന കൈതച്ചക്ക തോട്ടത്തിൽ മാനേജരായി ജോലിചെയ്യുന്ന റെജി ആ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ ആണ് റെജി ദാരുണമായി കൊല്ലപ്പെട്ടത് വനംവകുപ്പ് ആർആർടി ഉൾപ്പെടുന്ന രണ്ട് സ്‌ക്വാഡുകൾ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. റെജിയുടെ കുടുംബത്തിനു സർക്കാർ ജോലി നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ജിഷ്ണുവിന്റെ അമ്മയ്ക്ക് വയറില്‍ ക്ഷതമേറ്റെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം; സര്‍ക്കാര്‍ വാദം പൊളിയുന്നു

keralanews jishnu s mother got injured

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് പിടിച്ചെഴുന്നേല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വിശദീകരിച്ചു. പൊലീസ് ഭാഷ്യം ആവര്‍ത്തിക്കുകയായിരുന്നു പിണറായി വിജയന്‍. പിണറായിയുടെ വാക്കുകളെ ഏറ്റുപിടിച്ച് അമ്മയെ പൊലീസ് എഴുന്നേല്‍പ്പിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാലീ നിലപാടിനെയെല്ലാം തള്ളിക്കളയുന്ന രീതിയിലാണ് ഇന്ന് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ വയറിന് ക്ഷതമേറ്റെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും സിപിഐഎമ്മിന്റെയും വാദങ്ങള്‍ പൊളിക്കുന്നത് തന്നെയാണ് ഈ കണ്ടെത്തല്‍. വയറിനേറ്റ പരിക്ക് ഭേദമാകാന്‍ പത്തുദിവസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയിലും മഹിജ നിരാഹാരം തുടരുകയാണ്.

ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയും പ്രഖ്യാപിച്ചിട്ടുണ്ട്. ചേട്ടന് വേണ്ടി മരിക്കാനും തയ്യാറാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. പ്രതികളെ പിടികൂടുന്നതുവരെ സമരം തുടരുമെന്നും അവിഷ്ണ അറിയിച്ചു. ശനിയാഴ്ചയും സമരം തുടരാനാണ് അവിഷ്ണയുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും തീരുമാനം. ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന്‍ അശോകനും ബന്ധുക്കളും തിരുവനന്തപുരത്ത് നിരാഹാരസമരം തുടരുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വീട്ടില്‍ അവിഷ്ണയും ബന്ധുക്കളും നാട്ടുകാരും സമരം നടത്തുന്നത്.

അറവുശാലയില്‍ ജോലിചെയ്യുന്നവരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കണം

keralanews meat workers union

കണ്ണൂര്‍: അറവുശാലയില്‍ ജോലിചെയ്യുന്നവരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്ന് മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍(എസ്.ടി.യു.) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എസ്.ടി.യു.സംസ്ഥാന ഖാജാന്‍ജി എം.എ.കരീം ഉദ്ഘാടനം ചെയ്തു. വി.കെ.സി.മജീദ് അധ്യക്ഷത വഹിച്ചു.  10-ന് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളെ പങ്കെടുപ്പിച്ച് സായാഹ്ന ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.

സമരം ശക്തമാക്കും: ലോറി ഉടമകൾ

keralanews lorry strike continues

കോഴിക്കോട്: ഡല്‍ഹിയിലും ഹൈദരാബാദിലും നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിൽ ലോറി സമരം ശക്തമാക്കാന്‍ ഉടമകളുടെ തീരുമാനം.ചരക്കുമായി എത്തുന്ന ലോറികള്‍ തടയുമെന്നും ശനിയാഴ്ച രാത്രിമുതല്‍ സമരം രാജ്യവ്യാപകമാക്കുമെന്നും ലോറി ഉടമകൾ പറഞ്ഞു.ഇതോടെ ലോറി സമരം സംസ്ഥാനത്തെ വിഷു വിപണിയെ ബാധിക്കുമെന്ന് ഉറപ്പായി.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, ആര്‍.ടി.ഒ ഫീസുകള്‍ കുറയ്ക്കുക, ടോളുകള്‍ കുറയ്ക്കുക, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഓടാന്‍ ഓടാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോറി ഉടമകളുടെ സമരം. അതിനിടെ ഒരുവിഭാഗം ലോറി ഉടമകള്‍ സമരത്തില്‍നിന്ന് പിന്മാറിയിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

keralanews dhyaan sreenivasan got married

കണ്ണൂര്‍: ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെയും വിമലാ ശ്രീനിവാസന്റെയും മകന്‍ ധ്യാനും കോട്ടയംപാലയിലെ സെബാസ്റ്റ്യന്റെയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകള്‍ അര്‍പ്പിതയും വിവാഹിതരായി. കണ്ണൂര്‍ കടലോരത്ത് വാസവ ക്ലിഫ് അങ്കണത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ചലച്ചിത്ര-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

മിനി ജോബ് ഡ്രൈവ്‌

keralanews mini job drive

കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററും മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയും ചേര്‍ന്ന് മിനി ജോബ് ഡ്രൈവ് നടത്തുന്നു. കണ്ണൂര്‍ മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ 11-ന് രാവിലെ 10 മുതല്‍ 1.30 വരെയാണ് പരിപാടി. 35 വയസ്സില്‍ കുറവുള്ള ഉദ്യോഗാര്‍ഥികള്‍ 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ നേരിട്ട് ഹാജരായി എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ചെയ്യണം. ആജീവനാന്ത രജിസ്‌ട്രേഷനാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 04972 707610, 8156955083.

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

PINARAYI VIJAYAN CPM STATE SECRETARY

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഖില്‍ കൃഷ്ണനാണ് അറസ്റ്റിലായത്. തൊടുപുഴ കോലാനി സ്വദേശിയാണ്. മുഖ്യമന്ത്രിയെ കൊല്ലാന്‍ ഈഒരു ഐഎസ് ഭീകരവാദിയുമില്ലേ എന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് അക്രമത്തെ തുടര്‍ന്നായിരുന്നു അഖിലിന്റെ പോസ്റ്റ്.

തലശ്ശേരിയില്‍ അഖിലേന്ത്യാ പ്രദര്‍ശനം

keralanews all india exhibition in tellichery

തലശ്ശേരി: തലശ്ശേരി നഗരസഭ നൂറ്റമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ അഖിലേന്ത്യാ പ്രദര്‍ശനം നടത്തുന്നു. പ്രദർശനം ശനിയാഴ്ച ആറുമണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. 13 മുതല്‍ പ്രദര്‍ശനം തുടങ്ങും. പോലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന, സാംസ്‌കാരിക വകുപ്പ്, ഫിഷറീസ് വകുപ്പ്, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവയുടെ പ്രദര്‍ശനമുണ്ടാകും. പ്രദര്‍ശനനഗരിയില്‍ പ്രവേശനത്തിന് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.