കോഴിക്കോട് : ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടു അമ്മ മഹിജയും കുടുംബവും ഡി ജെ പി ഓഫീസിനു മുന്നിൽ സമരം ചെയ്യാൻ ഏപ്രിൽ 5 തന്നെ തിരഞ്ഞെടുത്തത് ആദ്യ മന്ത്രിസഭ വാർഷികം അലങ്കോലപ്പെടുത്താനാണെന്നു സി പി ഐ എം നേതാവ് എളമരം കരീം. പാർട്ടി കുടുംബമാണെന്നു പറയുന്നവർ എന്തുകൊണ്ട് സമരത്തെ പറ്റി പാർട്ടിയോട് ആലോചിച്ചില്ല. അതേസമയം എസ് യു സി ഐ നേതാവ് ഷാജർ ഖാനുമായും മിനിയുമായും ആലോചിച്ചു, കരീം പറഞ്ഞു.
കോളിക്കടവിൽ പുലിയെ കണ്ടതായി അഭ്യൂഹം
ഇരിട്ടി: കോളിക്കടവ് ചെന്നലോട് പുലിയെ കണ്ടതായി അഭ്യഹം.വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ബൈക്ക് യാത്രക്കാരനാണ് പുലിയെ കണ്ടതായി നാട്ടുകാരോട് പറഞ്ഞത്. ഇതേ തുടർന്ന് നാട്ടുകാർ പരിശോധന നടത്തിയെങ്കിലും വന്യ ജീവികളെ ഒന്നും കണ്ടെത്താനായില്ല. എന്നാൽ ഏതോ ഒരു ജീവിയുടേതെന്നു തോന്നിപ്പിക്കുന്ന കാല്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം മറ്റൊരു ബൈക്ക് യാത്രികനും പുലിയെ കണ്ടതായി പറഞ്ഞു. വിവരമറിഞ്ഞു പോലീസും വനപാലകരും സ്ഥലത്തെത്തിയിരുന്നു. കാൽപ്പാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വന്യജീവി കാട്ടുപൂച്ചയാണെന്നാണ് പ്രാഥമിക വിവരം.
തെളിവെടുപ്പിലും ത്രില്ലോടെ കേഡൽ, കൂട്ടക്കുരുതിയിൽ കുറ്റബോധവുമില്ല
തിരുവനന്തപുരം: നന്ദൻകോട്ട് കൂട്ടക്കുരുതി കേസിൽ അറസ്റ്റിലായ കേഡൽ ജിൻസൺ രാജ പോലീസ് കസ്റ്റഡിയിൽ തുടർച്ചയായി ചോദ്യം ചെയ്യപ്പെടുമ്പോഴും തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോഴുമെല്ലാം ത്രില്ലിൽ പെരുമാറുന്നത് പോലീസിനെ അമ്പരപ്പിക്കുന്നു. പറഞ്ഞ കഥകളെല്ലാം മാറ്റിപ്പറഞ്ഞു പോലീസിനെ വട്ടം കറക്കുന്നു. കൊലപാതകങ്ങളിൽ വിഷമം കാണിക്കാത്ത കേഡൽ ഒരു ഘട്ടത്തിലും കരയുകയോ കുറ്റബോധം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ബാല്യം മുതൽ വീട്ടുകാരുടെ പെരുമാറ്റത്തിലുണ്ടായ വൈരാഗ്യമാവാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. ആ നിലയ്ക്കാണ് അന്വേഷണം തുടരുന്നത്.
ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് രമേശ് ചെന്നിത്തല
ദില്ലി: ഇടത് മുന്നണി കലഹ മുന്നണി ആയി മാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. തെറ്റുകള്‍ ചൂണ്ടികാട്ടുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. കലഹം ഇടതു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു.മൂന്നാറില്‍ വന്‍കിട കയേറ്റക്കരെ സിപിഐഎം സംരക്ഷിക്കുന്നു. സമരങ്ങളെ സിപിഐ എം അസഹിഷ്ണുതയോടെ കാണുന്നു. വിവരാവകാശ നിയമം അട്ടിമറിച്ചു. ഘടക കക്ഷികളെ അനുനയിപ്പിക്കാന്‍ ഒരു ഉപദേഷ്ടാവിനെ കൂടി നിയമിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ദില്ലിയില്‍ ചോദിച്ചു.
ആരെയും താന്‍ കല്ലെറിഞ്ഞിട്ടില്ല, യാതൊരു കാരണവും കൂടാതെയാണ് സൈന്യം പിടികൂടിയത്” സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട കശ്മീരി യുവാവ്
ശ്രീനഗര്‍: താന്‍ ഒരിക്കല്‍ പോലും സൈനികര്‍ക്കുനേരെ കല്ലുകളെറിഞ്ഞിട്ടില്ലെന്നും തന്നെ ഒരു കാരണവും കൂടാതെയാണ് സൈന്യം പിടികൂടിയതെന്ന് കശ്മീരില്‍ കല്ലേറു പ്രതിരോധിക്കാന്‍ വാഹനത്തിന് മുന്‍പില്‍ സൈന്യം കെട്ടിയിട്ട യുവാവ്. ഫാറുഖ് അഹ്മദ് ദാര്‍ എന്ന 26കാരനെയാണ് യുവാക്കളുടെ കല്ലേറു ഭയന്ന് ഇന്ത്യന്‍ സൈന്യം ജീപ്പിനു മുന്‍പില്‍ കെട്ടിയിട്ടത്. തയ്യല്‍ക്കാരനായ ഫറൂഖ് താന്‍ ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലുകളെറിഞ്ഞിട്ടില്ലെന്നും ചെറിയ തയ്യല്‍ ജോലിയും, മരപ്പണികളുമെടുത്താണ് ഉപജീവനം നടത്തുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ജീപ്പിനു മുന്നില്‍ കെട്ടിയിട്ട ഫറൂഖിനെ സൈന്യം നാല് മണിക്കൂറോളം സോനപ്പാ, നജന്‍, ചകപോറാ, റാവല്‍പോറാ, അരിസല്‍ എന്നീ കശ്മീര്‍ പ്രദേശങ്ങളിലൂടെ വാഹനത്തില്‍ പരേഡ് നടത്തുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് നടന്ന സംഭവത്തിനെതിരെ താന്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും, അതിന് മുതിരാന്‍ തനിക്ക് പേടിയാണെന്നും ഫറൂഖ് പറഞ്ഞു. “തങ്ങള്‍ പാവപ്പെട്ടവരാണ്, പരാതിപ്പെട്ടിട്ട് പരാതിപ്പെട്ടിട്ട് കാര്യമുണ്ടെന്ന് കരുതുന്നില്ല”, ആസ്തമ രോഗബാധിതയായ തന്റെ മാതാവിന് താങ്ങായി മറ്റാരും ഇല്ലെന്നും ഫറൂഖ് പറഞ്ഞു.
പൊലീസ് ആസ്ഥാനത്തെ മഹിജയുടെ സമരം അനാവശ്യം; കോടിയേരി ബാലകൃഷ്ണന്‍
കണ്ണൂര്‍: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നിലയുറപ്പിച്ചത് ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജിഷ്ണു കേസില്‍ ഒരു വീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് സംഭവിച്ചില്ല. ആത്മാര്‍ത്ഥമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശക്തിവേലിനെ പൊലീസ് പിടികൂടുകയും ചെയ്തു.എന്നാല്‍ ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കി. ഇതില്‍ സര്‍ക്കാറിന് എന്താണ് ചെയ്യാന്‍ കഴിയുക. കോടിയേരി പറഞ്ഞു.
ജിഷ്ണു കേസിലെ അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച കുടുംബത്തിന് ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പൊലീസ് ആസ്ഥാനത്ത് സമരം സംഘടിപ്പിച്ചതിലൂടെ കേസിന്റെ സ്വഭാവം തന്നെ മാറുന്ന അവസ്ഥയാണുണ്ടായത്. പൊലീസ് ആസ്ഥാനത്തെ മഹിജയുടെ സമരം അനാവശ്യമായിരുന്നു. അതീവ സുരക്ഷാമേഖലയാണ് പൊലീസ് ആസ്ഥാനം. ഇവിടെ നടക്കുന്ന സമരത്തെ സംബന്ധിച്ച് സര്‍ക്കാറിന് മുന്‍കൂറായി വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
മഹിജയുടെ സമരം, മൂന്നാര്‍ കയ്യേറ്റം വിഷയം, നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റമുട്ടല്‍, യുഎപിഎ, വിവരാവകാശ നിയം എന്നു തുടങ്ങി സര്‍ക്കാറിനെതിരെ ഉയര്‍ന്ന വിവാദ വിമര്‍ശനങ്ങളില്‍ സിപിഐക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞാണ് ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്.
നന്ദൻകോട് കൂട്ടക്കൊല: കേഡലുമായി നാളെ പോലീസ് ചെന്നൈയ്ക്ക്
തിരുവനന്തപുരം: നന്തൻകോഡ് കൂട്ടക്കൊല കേസിലെ പ്രതി കേഡലുമായി പോലീസ് നാളെ ചെന്നൈയിലേക്ക്. സംഭവത്തിന് ശേഷം ചെന്നൈക്ക് പോയ ഇയാൾ റൂമെടുത്ത് താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവുകൾ ശേഖരിക്കാനായാണിത്. ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുന്നതിനോടൊപ്പം റൂമെടുക്കാനായി നൽകിയ തിരിച്ചറിയൽ രേഖകൾ, റൂമിനുള്ളിൽ ഇയാൾ ഉപേക്ഷിച്ച വസ്ത്രങ്ങൾ, ബാഗ് തുടങ്ങിയവ കണ്ടെടുക്കാൻ കൂടിയാണ് ഇയാളെ ചെന്നൈക്ക് കൊണ്ട് പോകുന്നത്..
പ്രശസ്ത ശില്പി എസ് നന്ദഗോപാൽ അന്തരിച്ചു
ചെന്നൈ : അന്തർദേശീയ പ്രശസ്തി നേടിയ ശില്പിയും പ്രശസ്ത ചിത്രകാരൻ കെ പി എസ് പണിക്കരുടെ പുത്രനുമായ എസ് നന്ദഗോപാൽ(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ലോഹമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശില്പ മാധ്യമം. ദേശീയ ലളിതകലാ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
അവധിക്കാല അദ്ധ്യാപക പരിശീലനം
ഇരിട്ടി: സർവ ശിക്ഷ അഭിയാൻ ഇരിട്ടി ബി ആർ സി അവധിക്കാല അധ്യാപക പരിശീലനം എൽ പി തലം പതിനേഴ് മുതൽ കുന്നോത് സെന്റ് ജോസഫ് യുപി പി സ്കൂളിൽ നടക്കും. യു പി തലം മലയാളം , ഇംഗ്ലീഷ് , സയൻസ്, സോഷ്യൽ സയൻസ് എന്നെ വിഷയങ്ങൾ 18 മുതൽ ഉളിയിൽ ജി യു പി സ്കൂളിലും യു പി തലം ഗണിതം 18 മുതൽ എ ഇ ഓഫീസ് കോൺഫെറൻസ് ഹാളിലും നടക്കും. അദ്ധ്യാപകർ ടെക്സ്റ്റ് ബുക്ക്, ടീച്ചേർസ് ടെക്സ്റ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.
ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
കണ്ണൂർ : റോഡ് സുരക്ഷ മുഖ്യ പ്രമേയമാക്കി ക്രീയേറ്റീവ്ഫോട്ടോഗ്രാഫേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനത്തിന്റെ മുന്നോടിയായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. ” ട്രാഫിക് ലൈഫ്” എന്നതാണ് വിഷയം. കാമറ, മൊബൈൽ ചിത്രങ്ങൾ എന്നിവ മത്സരത്തിന് അയക്കാം. ക്യാഷ് പ്രൈസിന് പുറമെ മത്സരത്തിൽ പങ്കെടുത്ത ചിത്രങ്ങൾ 28, 29, 30 തീയതികളിൽ കണ്ണൂർ ടൗൺ സ്ക്വാറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കും. 18നകം ഫോട്ടോ ലഭിക്കണം. ഫോൺ: 9744060011, 9446021178.