മട്ടന്നൂർ: ആരോഗ്യ മന്ത്രിയുടെ നാടായ മട്ടന്നൂരിൽ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തു വരുന്ന വാർത്തകൾ ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്. നൂറു കണക്കിന് ജനങ്ങളാണ് മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കി പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ദിനംപ്രതി പനി പിടിപെട്ടവരുടെ എണ്ണം കൂടി വരുന്നതായി കണക്കുകൾ ചുണ്ടി കാട്ടുന്നു.
മാസങ്ങൾക്ക് മുൻപ് അമ്പലം റോഡിലെ വ്യാപാരിയുടെ ഭാര്യ ഡെങ്കിപ്പനി മൂർച്ഛിച്ച് മരണപ്പെട്ട സംഭവം ഉണ്ടായിരുന്നു. അന്ന് തന്നെ ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പുകൾ നൽകിയതാണ്. എന്നാൽ മുന്നറിയിപ്പിനെ വേണ്ട രീതിയിൽ ഗൗനിക്കാതെ അധികൃതരുടെ നടപടിയാണ് പുതിയ സംഭവ വികാസങ്ങൾക്ക് വഴി ഒരുക്കിയിരിക്കുന്നത്.
അതേസമയം ഡെങ്കിപ്പനി മട്ടന്നൂർ മേഖലയിൽ വ്യാപകമായിട്ടും ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മട്ടന്നൂർ നഗരസഭാ പ്രദേശത്തു ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകുനേരം 6 വരെ നടക്കുന്ന ഹർത്താലിൽ നിന്നു പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.