ഫോർ ജി യുഗം കഴിയുകയാണ്. ഇനി 5 ജി യുഗം . 5 ജി യുഗത്തിലേക്ക് ചുവടു വെക്കാനായി നോക്കിയയും ബി എസ് എൻ എൽ ഉം ഇനി ഒന്നിക്കുന്നു. 5 ജി സേവനം ഉപഭോക്താക്കളിൽ എത്തിക്കുക എന്നതാണ് ലക്‌ഷ്യം. പ്രമുഖ ടെലികോം കമ്പനിയായ നോകിയയുമായി ബി എസ് എൻ എൽ ഇതിനായി എഗ്രിമെന്റ് ഉണ്ടാക്കി. മൊബൈൽ വേൺഡ് കോൺഗ്രസിലാണ് ബി എസ് എൻ എൽ ചെയർമാൻ അനുപം ശ്രീവാസ്തവ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതിനിടയിൽ തന്നെ ജിയോ സാംസങിനോട് ചേർന്ന് 5 ജി സേവനം ആരംഭിക്കുന്നതായി റിലയൻസ് ജിയോയും അറിയിച്ചിട്ടുണ്ട്. ഫോർ ജി യെക്കാൾ 65 ,൦൦൦ തവണ വേഗമേറിയതാണ് 5 ജി.
ആശുപത്രിയിൽ നിന്നും മാറി പോയ നവജാത ശിശുക്കളെ ആറുമാസത്തിനു ശേഷം നടത്തിയ ഡി എൻ എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു
കൊല്ലം : ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പരസ്പരം മാറിപ്പോയ നവജാത ശിശുക്കളെ ഒടുവിൽ ഡി എൻ എ ടെസ്റ്റ് നടത്തി യഥാർത്ഥ മാതാപിതാക്കൾക്ക് തിരിച്ചു നൽകി. കൊല്ലം മെഡിസിറ്റിയിൽ ആണ് ഈ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് കൊല്ലം മെഡിസിറ്റി മെഡിക്കൽ കോളേജിൽ റംസിയും ജസീറയും പ്രസവിച്ചത്. കുഞ്ഞിനെ പൊതിയാൻ തങ്ങൾ വാങ്ങി കൊടുത്തത് പച്ച ടൗവൽ ആണെങ്കിലും ഒരു മഞ്ഞ ടൗവലിൽ പൊതിഞ്ഞാണ് തങ്ങൾക്ക് കുഞ്ഞിനെ ലഭിച്ചതെന്ന് റംസിയുടെ മാതാവ് സുബൈദ പറയുന്നു. കുഞ്ഞിന്റെ കൈയിൽ ടാഗും ഉണ്ടായിരുന്നില്ല. അതേസമയം ജസീറയുടെ കുഞ്ഞിനെ ലഭിച്ചത് പച്ച ടൗവലിലും, കൂടാതെ കുഞ്ഞിന്റെ കൈയിൽ റംസി എന്നെഴുതിയ ടാഗും ഉണ്ടായിരുന്നു. കുഞ്ഞു മാറിപോയിട്ടുണ്ടാവും എന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ വഴക്കുപറഞ്ഞു വിടുകയായിരുനെന്നു സുബൈദ പറയുന്നു
പിന്നീട് പ്രതിരോധ കുത്തിവെപ്പിനായി ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയിൽ കുഞ്ഞിന്റെ രക്ത ഗ്രുപ്പ് എ പോസിറ്റീവ് എന്നാണ് കണ്ടത്. എന്നാൽ ഡിസ്ചാർജ് രേഖകളിൽ കുഞ്ഞിന്റെ രക്ത ഗ്രൂപ്പ് ഓ പോസിറ്റീവ് എന്നായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫേർ കമ്മിറ്റിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരെ വിളിച്ചു വരുത്തി രണ്ടു കുട്ടികളുടെയും ഡി എൻ എ ടെസ്റ്റ് നടത്താൻ നിർദേശം നൽകുകയായിരുന്നു. ഹൈദരാബാദിലെ ലാബിലായിരുന്നു പരിശോധന. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വെച്ചു കുഞ്ഞുങ്ങളെ പരസ്പരം മാറ്റി നൽകുകയായിരുന്നു. അതേസമയം തങ്ങൾക്ക് തെറ്റ് പറ്റിയതായി സമ്മതിക്കാൻ ആശുപത്രി അധികൃതർ തയ്യാറല്ലെന്നും ആശുപത്രിയ്‌ക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും മാതാപിതാക്കൾ അറിയിച്ചു.
മഴപെയ്യിക്കാനായി രണ്ടു യുവാക്കൾ വിവാഹിതരായി
മംഗളുരു : വേനൽ ചൂടിൽ നാടും നഗരവും വറ്റി വരളുമ്പോൾ മഴ പെയ്യിക്കാനായി രണ്ടു യുവാക്കൾ തമ്മിൽ വിവാഹിതരായി. മംഗലുരുവിലെ മഹദേശ്വര ഹില്ലിലാണ് സ്വവർഗാനുരാഗികൾ അല്ലാത്ത യുവാക്കൾ തമ്മിലുള്ള ഈ അപൂർവ വിവാഹം നടന്നത്. മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാൻ മാത്രമാണ് ഈ വിവാഹം എന്ന് അവർ പറയുന്നു.
ശിവരാത്രി ദിവസം ഗ്രാമീണരോടൊപ്പം അമ്പലം സന്ദർശിക്കാൻ ഇവരും ഉണ്ടായിരുന്നു. യുവാക്കളിലൊരാൾ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. ഗ്രാമീണർ തന്നെയാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഇരുവരെയും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത്. മഴപെയ്യിക്കാനായി കുരങ്ങുകളെ വിവാഹം കഴിപ്പിക്കുന്നതും ഇവിടെ സാധാരണമാണ്.
വയോധികയുടെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ
മലപ്പുറം : ഉത്സവം കാണാൻ അഞ്ചു ദിവസം മുൻപ് വീട്ടിൽ നിന്നിറങ്ങിയ മേലേപുരയ്‌ക്കൽ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ശിവരാത്രി ഉത്സവം കാണാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നു പറയുന്നു. ജാനകിയെ കാണാനില്ലെന്ന് പോലീസിൽ പരാതി പറഞ്ഞിരുന്നു. പോലീസ് അന്വേഷണം നടത്തിവരികയായിരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കമ്പത്തെ വയലിൽ കണ്ടെത്തിയത്. തിരിച്ചറിയാൻ പറ്റാത്ത വിധമായിരുന്നു മൃതദേഹം. ശരീരത്തിൽ നിറയെ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. എന്നാൽ മരണത്തിനു മുൻപാണോ ശേഷമാണോ നായ്ക്കളുടെ ആക്രമണം ഉണ്ടായത് എന്ന അന്വേഷണം നടന്നു വരികയാണ്
നടിയെ ആക്രമിച്ച കേസ്; നിർണായക സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായകമായ ചില സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പൾസർ സുനിയും സംഘവും നടി സഞ്ചരിച്ചിരുന്ന കാറിനെ ട്രാവലറിൽ പിന്തുടരുന്ന നിർണായക തെളിവാണ് പോലീസിന് ലഭിച്ചത്. ഈ വാഹനമാണ് നടിയുടെ കാറിൽ ഇടിച്ചത്. വെണ്ണല എന്ന സ്ഥലത്തു പ്രതികൾ വണ്ടി നിർത്തി വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഇതിനൊപ്പം ഗോശ്രീ പാലത്തിനു സമീപത്തുള്ള ഫ്ളാറ്റുകളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട് .
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂർ: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ വർദ്ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളെ പ്രതിഷേധിക്കുവാനും ജീവനക്കാരുടെയും പമ്പുടമകളുടെയും സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കുന്നതിനും വേണ്ടി പെട്രോൾ പമ്പ് ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധ കൂട്ടായ്മ കണ്ണൂരിൽ സംഘടിപ്പിച്ചു.
കണ്ണൂർ ശ്രീകണ്ഠപുരത്തുള്ള ശ്രീ കൈലാസ് പെട്രോളിയം എന്ന ഇന്ത്യൻ ഓയൽ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ ജീവനകാരനെ ക്രൂരമായ രീതിയിൽ അക്രമിച്ചിരുന്നു.
അവശ്യ സർവീസ് ഗണത്തിൽപെട്ട പെട്രോൾ പമ്പുകൾക്കെതിരെയുള്ള ഗുണ്ടാ അക്രമങ്ങളിൽ നിന്നും വർദ്ധിച്ചു വരുന്ന മോഷണങ്ങളിൽ നിന്നും ജീവനക്കാരെ സംരക്ഷിക്കുന്നതിനായി, ഇത്തരം അക്രമങ്ങളെ ജാമ്യമില്ല കുറ്റങ്ങളുടെ പട്ടികയിൽ പെടുത്തണമെന്ന AKFPT യുടെ വർഷങ്ങളായുള്ള അപേക്ഷകൾ ഇന്നും തീരുമാനം ആകാതെ ചുവന്ന നാടയിൽ കുരുങ്ങി കിടക്കുകയാണ്.
കണ്ടോന്താറിലെ ജയിലറ സംരക്ഷിത സ്മാരകമാക്കാൻ നടപടി
പയ്യന്നൂർ : സ്വാതന്ത്ര്യ സമരസേനാനികളെ തടവിൽ പാർപ്പിക്കാൻ ബ്രിട്ടീഷ് പട്ടാളം നിർമിച്ച കണ്ടോന്താറിലെ ജയിലറ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കാനൊരുങ്ങുന്നു. കണ്ടോന്താർ സ്കൂളിനടുത് റെജിസ്ട്രർ ഓഫിസിനോട് ചേർന്നാണ് ഈ തടവറ സ്ഥിതിചെയുനത്. നൂറോളം വര്ഷങ്ങള്ക്കു മുൻപ് നിർമിച്ച ഈ കെട്ടിടം ‘മാതമംഗലം തടങ്കൽ പാളയം’ എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി സ്വാതന്ത്ര്യ സമര പോരാളികൾ കൊടിയ മർദ്ദന മുറകളേറ്റ് മരണം വരിച്ച തടവറയാണിത്. തടവുകാരെ കെട്ടിയിട്ടു മർദ്ധിച്ചിരുന്ന മുക്കാലി അമ്പതു വര്ഷം മുൻപ് വരെ ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മൂന്നുമാസത്തിനുള്ളിൽ പുനർനിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനായി സംസ്ഥാന പുരാവസ്തു വകുപ്പ് 19 .5 ലക്ഷം രൂപ അനുവദിച്ചിരുന്നു. പുനര്നിര്മാണത്തിനു ചുക്കാൻ പിടിക്കുന്നത് ഈ തടവറ നാട്ടുകാരനായ രാമചന്ദ്രൻ കടന്നപ്പള്ളിയാണ്.
ഫാദർ റോബിൻ വടക്കുംചേരി താൻ കാനഡയിലേക്ക് പോകുകയാണെന്നും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ഇടവകക്കാരോട് പറഞ്ഞിരുന്നു
കണ്ണൂർ: പീഡന കേസിൽ അറസ്റ്റിലായ ഫാദർ റോബിൻ വടക്കുംചേരി ഞായറാഴ്ച പള്ളിയിലെ കുര്ബാനയ്ക്കിടെ താൻ കാനഡയിലേക്ക് പോകുകയാണെന്നും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ഇടവകക്കാരോട് പറഞ്ഞതായി റിപ്പോർട്ട്. എന്നാൽ അത് കേസിൽ പെട്ട് മുങ്ങാനുള്ള ശ്രമമാണെന്ന് വിശ്വാസികൾ അറിഞ്ഞിരുന്നില്ല. കാനഡയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അങ്കമാലിയിൽ വെച്ചാണ് ഫാദർ റോബിൻ പിടിയിലാവുന്നത്. പെൺകുട്ടികളെ നഴ്സിംഗ് പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കയക്കുന്നതിനും ഇയാൾ സഹായിച്ചിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ മാനേജർ കൂടിയാണ് ഫാദർ റോബിൻ. പുരോഹിതന്റെ തനിനിറം പുറത്തു വന്നതോടെ നാട്ടിൽ ജനരോഷം പുകയുകയാണ്.
പൾസർ സുനിയെയും ബിജീഷിനെയും ശാസ്ത്രീയമായി ചോദ്യം ചെയ്യാൻ അനുമതി ഇല്ല
കൊച്ചി : നടിയെ തട്ടികൊണ്ട് പോയ കേസിലെ മുഖ്യ പ്രതി സുനിയെയും വിജീഷിനെയും ചോദ്യം ചെയ്യാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇരുവരെയും ശാസ്ത്രീയമായി ചോദ്യം ചെയ്യാൻ അനുമതി ലഭിച്ചിട്ടില്ല. ഇതിനു കാരണം വ്യക്തമല്ല. ഏതായാലും പ്രതികളെ ചോദ്യം ചെയ്യാനാവാത്ത അവസ്ഥയിലാണ് പോലീസുകാർ. ഈ അവസരം പ്രതികൾ നന്നായി മുതലെടുക്കുകയാണ്. പ്രതികളെ പിടികൂടുന്നതിന് മുൻപ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരുന്ന പിന്തുണ ഇപ്പോൾ ഇല്ലെന്നും സൂചനയുണ്ട്.
രാഷ്‌ട്രപതി നാളെ കേരളം സന്ദർശിക്കും
ന്യൂഡൽഹി : രാഷ്‌ട്രപതി പ്രണബ് മുഖർജി നാളെ കേരളം സന്ദർശിക്കുന്നു. കൊച്ചി മുസിരിഫ് ഫൗണ്ടേഷനും കേരള സർക്കാരിന്റെ ടുറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര സമകാലിക കലാപ്രദര്ശനത്തോടനുബന്ധിച്ചാണ് സന്ദർശനം. കൂടാതെ ആറാമത് കെ എസ് രാജാമണി സ്മാരക പ്രഭാഷണവും അദ്ദേഹം നിർവഹിക്കും. പത്തുലക്ഷത്തിലധികം ആൾക്കാരാണ് ബിനാലെ കാണാൻ എത്തുന്നത്. ഈ കലാമേളയിൽ യു കെ, അമേരിക്ക , ഫ്രാൻസ്, ജർമനി, ശ്രീലങ്ക , പാകിസ്ഥാൻ എന്നിവിടങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്.