മട്ടന്നൂര്‍: ദേവാര്‍ച്ചനകള്‍ക്ക് പൊന്നുതന്നെയായ പൂവുകള്‍ സന്തോഷപ്രതീകങ്ങളാണെന്നു ശങ്കരന്‍കുട്ടി മാരാര്‍. മട്ടന്നൂര്‍ മഹാദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള തായമ്പകമേളത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.നാട്ടില്‍ ഒരുദിവസമെങ്കിലും തായമ്പക അവതരിപ്പിക്കാന്‍ കഴിയുന്നത് പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രസമിതി പ്രസിഡന്റ് സി.എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, തന്ത്രി അഴകം മാധവന്‍ നമ്പൂതിരിപ്പാട്, മട്ടന്നൂര്‍ കെ.പി.പി.നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.
നിര്മാണത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ്
കണ്ണൂർ : അസംഘടിതരായ നിര്മാണത്തൊഴിലാളികൾക്കും ഒരു പ്രത്യേക വകുപ്പ്. കേരള ആര്‍ട്ടിസാന്‍സ് ഓര്‍ഗനൈസേഷന്‍ (എന്‍.എല്‍.സി.) ജില്ലാ കണ്‍വെന്‍ഷന്‍ ആണ് ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്കായി പ്രത്യേകവകുപ്പ് രൂപത്കരിക്കണമെന്ന് ആവശ്യപ്പെട്ടത്. തൊഴിലാളികളുടെ പെന്‍ഷന്‍ 2500 രൂപയാക്കുക, ആര്‍ട്‌കോ, കാഡ്‌കോ എന്നിവയ്ക്കായി ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉയര്‍ത്തി. ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.പി.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സംഘടനയിലെ അംഗത്വ കാർഡ് വിതരണം എന്‍.സി.പി.ജില്ലാ പ്രസിഡന്റ് വി.വി.കുഞ്ഞിക്കൃഷ്ണന്‍ നിര്‍വഹിച്ചു. കെ.എ.ഗംഗാധരന്‍, കെ.സുരേശന്‍, ഹമീദ് ഇരിണാവ്, ഷീബ ലിയോണ്‍, പി.ശിവദാസന്‍ എന്നിവർ സംസാരിച്ചു.
യുവാവിനെ അജ്ഞാതസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: അജ്ഞാതസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒറ്റശേഖരമംഗല ശേഖരത്തെ കുളത്തുങ്കര വീട്ടില്‍ അരുണിനെയാണ് വീട്ടിലെത്തിയ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാലുപേരടങ്ങുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം മാരകായുധങ്ങളും ട്യൂബ് ലൈറ്റും ഉപയോഗിച്ച് അരുണിനെ മർദ്ദിക്കുകയും വെട്ടുകയുമായിരുന്നു. മാരകമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അരുണിന്റെ സഹോദരി കാൻസർ ബാധിച്ച് രണ്ടുദിവസം മുൻപ് മരിച്ചിരുന്നു എന്നും അതിന്റെ പേരിൽ സഹോദരീ ഭർത്താവിനെ അരുൺ മർദ്ധിച്ചിരുന്നു എന്നും പോലീസ് പറയുന്നു.ഇതിന്റെ പ്രതികരമാവാം കൊലയ്ക്കുപിന്നിൽ എന്നാണ് പോലീസിന്റെ നിഗമനം.
മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്ഷം
ചാലക്കുടി: കലാഭവൻ മണി മരിച്ചിട്ട് ഇന്നേയ്ക് ഒരു വര്ഷമായെങ്കിലും മരണത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബം ചാലക്കുടി കലാമന്ദിറില്‍ നടത്തിവന്നിരുന്ന മൂന്നുദിവസത്തെ നിരാഹാരം അനിശ്ചിതകാലത്തേക്കാക്കി.സഹോദരന്‍ രാമകൃഷ്ണന്‍ ആണ് ജ്യേഷ്ടന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നത്. മണിയുടെ ശരീരത്തിലെ വിഷാംശം അറിയാന്‍ നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധന അട്ടിമറിച്ചെന്നും അതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് രാമകൃഷ്ണന്‍ സമരം നടത്തുന്നത്. അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തുതന്നെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍പോലും പ്രതികള്‍ക്ക് അനുകൂലമായി പോലീസ് എഴുതിയെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
സെൻ കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാറിനെ സര്‍ക്കാര്‍ നീക്കിയ നടപടിക്കെതിരെ സുപ്രീംകോടതി. നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ അപ്പീൽ കോടതി പരിഗണിച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുക എന്ന് കോടതി ചോദിച്ചു.ഇത്തരത്തില്‍ നടപടിയെടുത്താല്‍ പോലീസില്‍ ആളുണ്ടാവുമോ? എന്നും കോടതി ചോദിക്കുന്നു.
രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് തന്നെ നീക്കിയതെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് സർക്കാരിന്റെ നടപടിയെന്നും കാണിച്ചായിരുന്നു സെൻ കുമാർ കോടതിയിൽ ഹർജി നൽകിയിരുന്നത്. ഈ മാസം 27-ന് മുമ്പ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
സംസ്ഥാന പഞ്ചഗുസ്തി മത്സരം കണ്ണൂരിൽ
കണ്ണൂർ : നാൽപ്പത്തൊന്നാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരം മെയ് ആറ്, ഏഴ് തീയതികളിൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ നടക്കും പഞ്ചഗുസ്തിക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിച്ച ശേഷമുള്ള ആദ്യത്തെ സംസ്ഥാന ചമ്പ്യാൻഷിപ്പാണ് കണ്ണൂരിൽ നടക്കുന്നു. മത്സരത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രെട്ടറിയും സ്പോർട്സ് കൌൺസിൽ അംഗവുമായ വി പി പവിത്രൻ ഉത്ഘാടനം ചെയ്തു.
ഇലെക്ട്രോപതി ചികിത്സയെ സർക്കാർ പ്രോത്സാഹിപ്പിക്കും
കണ്ണൂർ : ഇലെക്ട്രോപതി ചികിത്സയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ സഹായം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇലെക്ട്രോപതി മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാര് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് ഹെർബൽ ചികിത്സാരീതിയാണെന്നും ശാസ്ത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഇത്തരം ചികിത്സ സമ്പ്രദായം ജനങ്ങൾക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറി തൊഴിലാളിക് വെട്ടേറ്റു
ശ്രീകണ്ഠപുരം : ഇരിക്കൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം കെ അംബികയുടെ ഭർത്താവു ബാബു(50 ) വിനു വെട്ടേറ്റു. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ ആയിരുന്നു സംഭവം. ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ലോട്ടറി തൊഴിലാളിയായ രവി റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് വയറിനു കുത്തുകയായിരുന്നു.കുത്തേറ്റ ബാബുവിനെ എ കെ ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇരിക്കൂർ പോലീസ് കേസെടുത്തു.
കണ്ണൂർ നഗരത്തിൽ പരിഭ്രാന്തിപരത്തിയ പുലിയെ പിടികൂടി
കണ്ണൂർ : ജനങ്ങളെ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ പുലിയെ പിടികൂടി. എട്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടിയത്. വയനാട് വന്യജീവി സങ്കേതത്തിലെ ഡോക്ടർമാരാണ് പുലിയെ മയക്കുവെടി വെച്ച് വീഴ്ത്തിയത്. തുടർന്ന് പുലിയെ കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ട് പോയി. ഈ പുലിയുടെ ആക്രമണത്തിൽ നഗരത്തിൽ നാലു പേർക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിലാണ്. തായത്തെരു റെയിൽവേ ഗേറ്റിനു സമീപം വെച്ചാണ് പുലി ആളുകളെ ആക്രമിച്ചത്.
ഹോട്ടലുടമകള്‍ ഭക്ഷണത്തിന് വില കൂട്ടാനൊരുങ്ങുന്നു
കൊച്ചി: നിത്യോപയോഗ സാധനങ്ങള്‍ക്കും പാചക വാതകത്തിനും വില കയറിയതോടെ ഹോട്ടലുടമകള്‍ ഭക്ഷണത്തിന് വില കൂട്ടാനൊരുങ്ങുന്നു. പാചകവാതക സിലിന്‍ഡറിനുമാത്രം രണ്ടുമാസംകൊണ്ട് 300 രൂപ കൂടി 1400 രൂപയിലെത്തി. അരിവില 30-34 നിലവാരത്തില്‍നിന്ന് 40-ന് മുകളിലേക്ക് കുതിച്ചു. പഞ്ചസാരവില 33-ല്‍നിന്ന് പെട്ടെന്നാണ് 45 എത്തി. ദിവസം 6000 രൂപ കച്ചവടമുള്ള കടക്കാര്‍ വരെ 20 ലക്ഷത്തിന്റെ പരിധിയിലെത്തും. ഈ സാഹചര്യത്തില്‍ പിടിച്ച് നില്‍ക്കാന്‍ വിലകൂട്ടാതെ നിര്‍വാഹമില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജന. സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു.