കണ്ണൂർ : ജില്ലയിലെ മുഴുവൻ ജലസ്രോതസ്സുകളും മാലിന്യമുക്തമാക്കാൻ ജനകീയ പ്രസ്ഥാനമാരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിത കേരളം മിഷന്റെ ജില്ലാ തല അവലോകനത്തിലാണ് തീരുമാനം. ഏപ്രിൽ ആദ്യവാരം തുടങ്ങി മെയ് പകുതിയോടെ ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് പദ്ധതി.
ആറ്റുകാൽ പൊങ്കാല നാളെ
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നാളെ. തലസ്ഥാന നഗരത്തിൽ കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. 200 പിങ്ക് വളണ്ടിയർമാരെ നിയമിച്ചു കഴിഞ്ഞു. പൊങ്കാല ഒരുക്കാൻ ഭക്തർക്ക് ആവശ്യമായതെല്ലാം നിരത്തിൽ കിട്ടും. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്ര പരിസരത്തു പ്ലാസ്റ്റിക്കിനും പുകയിലയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ് ചൊവ്വയിലും കൃഷിചെയ്യാം
ന്യൂയോര്‍ക്ക്: ഉരുളക്കിഴങ്ങിന് ചൊവ്വയിലും വളരാനാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പെറുവിലെ ഇന്റര്‍നാഷണല്‍ പൊട്ടറ്റോ സെന്ററര്‍ (സി.ഐ.പി.) നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍. കാറ്റുകടക്കാത്ത പെട്ടിക്കുള്ളില്‍ മണ്ണുനിറച്ച് ഉരുളക്കിഴങ്ങിന്റെ വിത്തുപാകി. ചൊവ്വയുടേതിന് സമാനമായ അന്തരീക്ഷം പെട്ടിക്കുള്ളിൽ ക്രിയേറ്റ് ചെയ്തു നാസയുടെ ആംസ് ഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണം. ഭൂമിയിലെ ഏറ്റവും മോശമായ സാഹചര്യങ്ങളില്‍പ്പോലും ഉരുളക്കിഴങ്ങിന് വളരാന്‍ കഴിയുമെങ്കില്‍ അവയ്ക്ക് ചൊവ്വയിലും വളരാനാകുമെന്ന് തെളിയിക്കാനായിരുന്നു പരീക്ഷണം.
പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം : മുഖ്യമന്തി ഇന്നലെ നടത്തിയ ‘വാടക’ പരാമർശത്തിൽ പ്രതിഷേധിച്ച് പ്ലക്കാർഡുകളും മുദ്രാവാക്യവുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതോടെ നിയമസഭയിൽ നടത്തിയിരുന്ന ചോദ്യോത്തര വേള ഏതാണ്ട് പതിനഞ്ചു മിനിറ്റോളം തടസ്സപ്പെട്ടു. മുഖ്യ മന്ത്രി നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു എന്ന പ്രതിപക്ഷ ആരോപണത്തിന് സ്പീക്കർ ചെയറിൽ ഇല്ലാത്തതിനാൽ നടുത്തളത്തിൽ ഇറങ്ങാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ജില്ലാ ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയി
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും വ്യാഴാഴ്ച രാവിലെ 10 മണിയോടെ നവജാതശിശുവിനെ യുവതി കടത്തിക്കൊണ്ടുപോയി. ആശുപത്രി ജീവനക്കാരിയാണെന്നും കുഞ്ഞിന് ഇൻജെക്ഷൻ എടുക്കണമെന്നും പറഞ്ഞാണ് യുവതി എത്തിയത്. റാന്നി പാടത്തുംപടി സ്വദേശി സജി- അനിത ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ അറിവോടെയാണോ ഈ തട്ടിക്കൊണ്ടുപോകൽ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെയും വ്യാഴാഴ്ച രാവിലെ മുതല്‍ കാണാനില്ല. കുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പോലീസിന് ഇതുവരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്
ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. മാര്‍ച്ച് 24-ാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന 27ന് നടക്കും. ഏപ്രിൽ 17നാണ് വോട്ടെണ്ണൽ. പത്രിക പിന്‍വലിക്കുന്നിനുള്ള അവസാന തീയതി മാര്‍ച്ച് 29 ആണ്.
കേരളത്തിൽ ഇടിയോടുകൂടി മഴപെയ്യാൻ സാധ്യത
വറ്റിവരളുന്ന നാടും നഗരവും കുളിരണിയിക്കാൻ കേരളത്തിൽ മഴപെയ്തെക്കും. ഇടിയോടു കൂടിയ ശക്തമായ മഴ പെയ്യാനാണ് സാധ്യത എന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. വറ്റിവരളുന്ന ജലാശയങ്ങൾക്കും കുടി നീരിന് ദാഹിക്കുന്ന ജീവജാലങ്ങൾക്കും വലിയ ആശ്വാസം തന്നെ ആയേക്കും ഈ വേനൽ മഴ.
മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബൽറാമിനെതിരെ എ എൻ ഷംസീർ
തിരുവനന്തപുരം: നിയമസഭയിൽ സദാചാര പ്രശ്നം ഉന്നയിച്ചു പ്രതിപക്ഷം ബഹളം വെച്ചതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ‘എടാ’ എന്ന് വിളിച്ച് ആക്ഷേപിച്ച ബൽറാമിനെതിരെ പ്രതിഷേധിക്കണമെന്നു എ എൻ ഷംസീർ.
ശിവസേനയെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ രൂക്ഷമായിട്ടാണ് പ്രതിപക്ഷം നേരിട്ടത്. മുഖ്യമന്ത്രിയുടെ പോലീസ് ശിവസേനയുടെ സദാചാര നാടകങ്ങൾക്ക് ഒത്താശ ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വാക്കേറ്റം രൂക്ഷമായതോടെ ഇരു പക്ഷവും നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതിനിടെയാണ് വി ടി ബൽറാം മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ചതെന്നാണ് ആരോപണം.
പുതിയ പത്ത് രൂപ നോട്ട് ഉടന്‍ ; ആർ ബി ഐ
ന്യൂഡല്‍ഹി: പുതിയ പത്ത് രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 2017 എന്ന് നോട്ടിന്റെ മറുഭാഗത്ത് രേഖപ്പെടുത്തിയിരിക്കും. ഇരു പാനലുകളിലേയും അക്ഷരങ്ങള്‍ ഇടത് നിന്നും വലത് ഭാഗത്തേക്ക് വലുതായി വരുന്ന രീതിയിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് പുറത്തിറക്കിയാലും പഴയ നോട്ടുകള്‍ പഴയതുപോലെ മൂല്യമുള്ളവ ആയിരിക്കും എന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഐ എസ് അംഗങ്ങൾ ഇന്ത്യയിൽ; ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡൽഹി : ഭീകര സംഘടനയായ ഐ എസ് അംഗങ്ങൾ ഇന്ത്യയിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡൽഹിയിൽ ഇതേ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ലക് നൗ വിൽ പോലീസുമായി ഏറ്റുമുട്ടിയ രണ്ടു ഭീകരരാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. പാർലമെന്റിന്റെ രണ്ടാം ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇവിടവും സുരക്ഷിതമാക്കിയിട്ടുണ്ട്.