ന്യൂഡൽഹി : കെ പി സി യ്ക്ക് സംഘടനാ തിരഞ്ഞെടുപ്പുവരെ താൽക്കാലിക അധ്യക്ഷനെ നിയമിക്കുമെന്ന് കോൺഗ്രസ് ഹൈകമാൻഡ് അറിയിച്ചു. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള വി എം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഹൈകമാൻഡ് അറിയിച്ചു .
സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവാക്കളെ മർദ്ധിച്ചു
മലപ്പുറം : ഉത്സവം കാണാനെത്തിയ രണ്ടു യുവാക്കളെ കള്ളന്മാരാണെന്നാരോപിച്ച് സദാചാര ഗുണ്ടകൾ മർദിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ അരീക്കോടിലാണ് സംഭവം. ഗൾഫിൽ നിന്നും അവധിക്കു നാട്ടിലെത്തിയ മുബഷീർ സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ചാണ് ഉത്സവത്തിന് പോയത്. ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചപ്പോൾ വണ്ടിയുടെ ചിത്രവും നമ്പറും ഒരു യുവാവ് റെക്കോർഡ് ചെയ്യുകയായിരുന്നു. പിന്നീട് കള്ളന്മാരാണെന്ന തരത്തിലുള്ള പ്രചാരണം വാട്സാപ്പിലൂടെ നടത്തുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തിയപ്പോൾ ഒരു ലോറി കുറുകെ നിർത്തുകയും വണ്ടി നമ്പർ വാട്സാപ്പിൽ പ്രചരിക്കുന്ന വിവരം പറയുകയും ചെയ്തു. തങ്ങൾ നിരപരാധികളെന്നു തെളിയിക്കാൻ തിരികെ ചെന്ന ഇവരെ സ്റ്റീൽ കമ്പി അടക്കമുള്ള മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്നു മർദനമേറ്റ കെ സി മുബഷീർ പറഞ്ഞു.
മിഷേലിന്റെ മരണം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
കൊച്ചി : കൊച്ചി കായലിൽ മരിച്ച സി എ വിദ്യാർത്ഥിനി മിഷേൽ ഷാജി മരിക്കുന്നതിന് മുൻപ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഹൈ കോടതിക്ക് സമീപമുള്ള ഒരു ഫ്ളാറ്റിലെ സി സി ടി വി നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പക്ഷെ ദൃശ്യങ്ങൾ അത്ര വ്യക്തമല്ലെന്നാണ് പോലീസ് ഭാഷ്യം. സി സി ടി വി യിൽ വൈകിട്ട് ഏഴു മണിക്കാണ് മിഷേലിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടത്.
മാർച്ച് ആറിന് വൈകിട്ട് കൊച്ചി വാർഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിൻ അലക്സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടർന്നാണ് അത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ . ക്രോണിൻ പോലീസ് കസ്റ്റഡിയിലാണ്.
കോള ബഹിഷ്കരണം കേരളത്തിൽ നടപ്പാക്കാൻ സാധ്യതയില്ല
തിരുവനന്തപുരം : തമിഴരും മലയാളികളും തമ്മിലുള്ള അന്തരമാണ് കോള ബഹിഷ്കരണത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. കോള കമ്പനികളുടെ ജലചൂഷണത്തിനെതിരെയാണ് തമിഴ്‌നാട്ടിലെ വ്യാപാരികൾ ബഹിഷ്കരണം ഏർപ്പെടുത്തിയത്. ഇനി മുതൽ പെപ്സിയും കോളയും സംസ്ഥാനത്തു വിൽക്കില്ല എന്നായിരുന്നു തമിഴ്‌നാട്ടിലെ വ്യാപാരികളുടെ തീരുമാനം. മാർച്ച് ഒന്നുമുതൽ അവർ അത് നടപ്പിലാക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലെ വ്യാപാരികളുടെ പ്രതിഷേധം കണ്ടാണ് കേരളത്തിലെ വ്യാപാരികളും കോളയ്‌ക്കെതിരെ തിരിഞ്ഞത്. എന്നാൽ സംഘടനയിലെ ചില നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പെപ്സി, കോള ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറുന്നുവെന്നാണന്നറിയാൻ കഴിയുന്നത്. എന്നാൽ കോള ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്നും വ്യാപാരികൾക്ക് അഭിപ്രായമുണ്ട്
മഞ്ജുവാരിയരെ വിവാഹം കഴിക്കുമെന്ന് പറഞ്ഞു കോളേജ് ബസിൽ അതിക്രമം
മനോഹര്‍ പരീക്കര്‍ ഗോവയില്‍ വിശ്വാസവോട്ട് നേടി
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. ബിജെപി 22 വോട്ട് നേടിയാണ് ഭൂരിപക്ഷം തെളിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ് ആയിരുന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ ഗവര്‍ണര്‍ ബി ജെ പി യെ ക്ഷണിക്കുകയായിരുന്നു ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരീക്കറുടെ നേതൃത്വത്തിനുള്ള സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി അവസരം നല്‍കുകയായിരുന്നു. അങ്ങനെയാണ് 22 എംഎല്‍എമാരുടെ പിന്തുണ പരീക്കര്‍ നേടിയത്.
പള്ളിവാസലില്‍ പാറ അടര്‍ന്നുവീണ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്
മൂന്നാര്‍: കഴിഞ്ഞദിവസം പള്ളിവാസലിലെ ടണലിനുസമീപം 2000 അടി ഉയരത്തില്‍നിന്നു പാറയടര്‍ന്നുവീണ് മൂന്നുവാഹനങ്ങള്‍ തകർന്നിരുന്നു. പാറ അടര്‍ന്നുവീണ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തി. പള്ളിവാസല്‍ പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലുകള്‍ക്കു മുകളില്‍നിന്നാണ് വന്‍ പാറ ഉരുണ്ടുവന്നത്. തകർന്ന വാഹനത്തില്‍ ഡ്രൈവര്‍മാര്‍ കിടന്നുറങ്ങുകയായിരുന്നു എങ്കിലും അവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിസ്ഥിതിലോലപ്രദേശമായ ഈ മേഖലയില്‍ നടന്ന അനധികൃത റിസോര്‍ട്ട് നിര്‍മാണവും മണ്ണെടുപ്പും പാറപൊട്ടിക്കലുംമൂലമാണ് ഇത്തരത്തിലുള്ള അപകടമുണ്ടാകുന്നതെന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം
ബാംബോലി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കേരളത്തിന് വിജയത്തുടക്കം. കേരളത്തിനായി ജോബി ജസ്റ്റിന്‍ ഹാട്രിക് നേടിയപ്പോള്‍ റെയില്‍വേസിനായി മലയാളി താരം രാജേഷ് ഇരട്ടഗോള്‍ നേടി.ഗോവയില്‍ റെയില്‍വേസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ പഞ്ചാബിനോട് റെയില്‍വേസ് 2-1ന് പരാജയപ്പെട്ടിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ: സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചതില്‍ മനംനൊന്താണ് വര്‍ക്കല അയിരൂര്‍ എം.ജി.എം സ്‌കൂള്‍ വിദ്യാര്‍ഥി വര്‍ക്കല മരക്കടമുക്ക് സ്വദേശി അര്‍ജുന്‍ (17) ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ 10 ന് നടന്ന ഐ.പി (ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ്) പരീക്ഷയ്ക്ക് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചെന്നാണ് ആരോപണം. അര്‍ജുന്‍ പരീക്ഷയില്‍ ക്രമക്കേട് കാട്ടിയതിന് തെളിവുണ്ടെന്നും കുട്ടിയെ പരീക്ഷകളില്‍നിന്ന് വിലക്കുമെന്നും ക്രിമിനല്‍ കേസെടുപ്പിക്കുമെന്നും മാതാവിനേയും മാതൃസഹോദരിയേയും സാക്ഷിയാക്കി വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇയാളുടെ ഭീഷണിയെ തുടര്‍ന്നുണ്ടായ മനോവിഷമത്താലും ഭയത്താലുമാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് അര്‍ജുന്റെ മാതാവ് വര്‍ക്കല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോപ്പിയടിക്കരുതെന്ന് പറയുക മാത്രമാണ് ചെയ്തതെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാർഥി
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഈ മാസം 20-ന് നാമനിര്‍ദേശം നൽകും. പി.കെ കുഞ്ഞാലിക്കുട്ടിയെ കഴിഞ്ഞമാസം ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. കൂടാതെ അദ്ദേഹത്തിന് ജനങ്ങളിലുള്ള സ്വാധീനവും കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും ഉചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
മലപ്പുറം എം.പിയായിരുന്ന ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായത്. ഇ.അഹമ്മദിന്റെ മകള്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും അവസാനം കുഞ്ഞാലിക്കട്ടിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.