മെല്‍ബണ്‍: മെല്‍ബണില്‍ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു. ഫാദര്‍ ടോമി മാത്യു കളത്തൂരിനാണ് കഴുത്തില്‍ കുത്തേറ്റത്. ഇന്ത്യക്കാരനാണെങ്കില്‍ കുര്‍ബാനക്ക് അവകാശമില്ലെന്ന് പറഞ്ഞാണ് കുത്തിയത്. വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റലിക്കാരനായ വ്യക്തിയാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.കറിക്കത്തി കൊണ്ടാണ് കുത്തിയത്. പോലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട സ്കൂൾബസ് നിയന്ത്രണത്തിലാക്കിയ 12കാരൻ
കണ്ണൂർ: നിറയെ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽ പെട്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ വാഹനം തന്റെ നിയന്ത്രണത്തിലാക്കിയ ആദിൽ എന്ന കൊച്ചു മിടുക്കന് അഭിനന്ദന പ്രവാഹം. പെരിങ്ങത്തൂർ അണിയാരത്ത് കല്ലുങ്കൽ റഷീദിന്റെയും റബീബയുടെയും മകനാണ് ആദിൽ. കടവത്തൂർ വെസ്റ്റ് യു പി സ്കൂളിലെ കുട്ടികളാണ് കഴിഞ്ഞദിവസം അപകടത്തെ മുഖാമുഖം കണ്ടത്.
വിദ്യാർത്ഥികളുമായി വരും വഴി കരിയാട് ടൗണിൽ എത്തിയപ്പോൾ ബസ് നിർത്തി ഡ്രൈവർ സമീപത്തെ കടയിലേക്ക് പോയി. കുട്ടികളുടെ കൂട്ടക്കരച്ചിലും നിലവിളിയും കേട്ട് തിരിഞ്ഞു നോക്കിയ നാട്ടുകാർ ഞെട്ടിത്തരിച്ചു പോയി. നിറയെ കുട്ടികളുമായി ഡ്രൈവറില്ലാത്ത സ്കൂൾ ബസ് അതിവേഗം പുറകിലേക്ക് നീങ്ങുന്നതാണ് അവർ കണ്ടത്. എല്ലാവരും തരിച്ചു നിന്ന ആ നിമിഷത്തിലാണ് പിന്നിലെ സീറ്റിലിരുന്ന ആദിൽ മുന്നിലേക്ക് ഓടിവന്നു ബ്രേക്കിൽ കാലമർത്തിയത്. വാഹനം നിന്നതോടെ ഡ്രൈവർ നിയന്ത്രണം ഏറ്റെടുത്തു. സംഭവശേഷം സ്കൂളിലെത്തിയ ആദിലിനു കുട്ടുകാർ വൻ വരവേൽപ്പാണ് നൽകിയത്. സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ഈ കൊച്ചു മിടുക്കൻ അനുമോദിക്കുകയും ചെയ്തു.
മലപ്പുറത്ത് അഡ്വക്കേറ്റ് എം ബി ഫൈസൽ എൽ ഡി എഫ് സ്ഥാനാർഥി
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എം ബി ഫൈസൽ എൽ ഡി എഫ് സ്ഥാനാർഥി .മലപ്പുറത്തു ചേർന്ന സി പി ഐ എം ജില്ലാ കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാണ് എം ബി ഫൈസൽ. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന്റെ പ്രസക്തി നഷ്ടപ്പെട്ടു അതാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധയൂന്നാൻ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചതെന്നും കോടിയേരി പറഞ്ഞു.
പാരീസ് വിമാനത്താവളത്തില്‍ വെടിവെപ്പ്
പാരീസ് : ഫ്രാന്‍സിലെ പാരീസ്-ഒര്‍ലി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊന്നു. മരിച്ചയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തു.
പട്ടാപ്പകൽ കുപ്പി വയറ്റിൽ കുത്തി ഇറക്കി
തളിപ്പറമ്പ് : അന്യസംസ്ഥാന തൊഴിലാളി പട്ടാപ്പകൽ ബിയർ കുപ്പി പൊട്ടിച്ചു സ്വന്തം വയറ്റിൽ കുത്തി ഇറക്കി. ബംഗാൾ സ്വദേശി രോഹിത് (30) ആണ് ഇപ്രകാരം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിക്കാൻ വേണ്ടിയാണ് താൻ വയറ്റിൽ കുപ്പി കുത്തി ഇറക്കിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
പുലിയെ കണ്ടെത്താന്‍ ക്യാമറ വെക്കാനൊരുങ്ങുന്നു
അഴീക്കോട്: പുലിയെ കണ്ടെത്താൻ വായിപ്പറമ്പ്, ചാല്‍ പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിക്കാന്‍ ആലോചന. പുലിയെ പിടിക്കാനായി വനപാലകര്‍ കൂട് സ്ഥാപിച്ചിരുന്നു. കൂട്ടിനുള്ളില്‍ ഇരയായി ഒരു നായയെ കെട്ടിയെങ്കിലും എസ്.പി.സി.എ.യ്ക്ക് ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അതിനെ അഴിച്ചുവിട്ടിരുന്നു. പകരം ബീഫ് വെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഇതുവരെ വനപാലകര്‍ നടപ്പാക്കിയില്ല. ഇതിന് ഡി.എഫ്.ഒ. സുനില്‍ പാംഡി പ്രദേശം സന്ദർശിച്ച ശേഷം ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കും. സന്ധ്യയാകുന്നതോടെ വായിപ്പറമ്പ് ചാല്‍ റോഡും പരിസരവും വിജനമാവുകയാണ്. അധികൃതർ ഉണർന്നു പ്രവർത്തിച്ചാലേ ഇതിനൊരു തീരുമാനമാവുകയുള്ളു.
ജില്ലയിലെ ഏഴ് ചില്ലറ മദ്യവില്പനശാലകള്‍ 31-ന് അടച്ചുപൂട്ടേണ്ടിവരും
തലശ്ശേരി: സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ ടൗണ്‍, കാല്‍ടെക്‌സ്, പുതിയതെരു, പിലാത്തറ, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ ബിവറേജസ് മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ദേശീയ, സംസ്ഥാനപാതയോരങ്ങളില്‍ 500 മീറ്ററിനുള്ളിലായി പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍ മാര്‍ച്ച് 31-നുള്ളില്‍ മാറ്റിസ്ഥാപിക്കണമെന്ന് സുപ്രീംകോടതി കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതിനെതിരെ പലയിടത്തും പ്രതിഷേധങ്ങള്‍ നടക്കുകയാണ്.
ചില്ലറവില്പനശാലകള്‍ അടച്ചുപൂട്ടുന്നത് ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഒഴുക്കിന് കാരണമാകുമെന്ന് ബിവറേജസ് എംപ്ലോയീസ് സംഘ് (ബി.എം.എസ്.) ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍നഷ്ടപ്പെടുന്ന സാഹചര്യവും ഇതുവഴി ഉണ്ടാകും. ഈ കാര്യത്തിൽ എത്രയും പെട്ടെന്ന് സർക്കാർ ഒരു തീരുമാനം എടുക്കണമെന്നാണ് ആവശ്യം.
ആഗ്രയില്‍ രണ്ടിടത്ത് സ്‌ഫോടനം
ആഗ്ര: താജ്മഹലിന് സുരക്ഷാ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിന് തൊട്ടു പിന്നാലെ ആഗ്രയില്‍ ഇരട്ട സ്‌ഫോടനം. കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ആളപായമൊന്നുമില്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. മാലിന്യ കുമ്പാരത്തിനിടയിലും തൊട്ടടുത്ത ഒരു വീട്ടിലുമാണ് സ്ഫോടനങ്ങൾ നടന്നത്. റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്ന് ഭീഷണി കത്ത് കണ്ടെത്തി.പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.
തൃശൂര്‍ ബസ് സ്റ്റാൻഡിൽ വെച്ച് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിൽ ഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്ക് പരിക്കേറ്റു.വീട്ടിലേയ്ക്ക് പോകാനായി ബസ് കാത്തു നിൽക്കുകയായിരുന്നു ഇവർ. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ ചൂരല്‍വടിയെടുത്ത് തങ്ങളെ അടിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ ആദ്യം ചികിത്സ നിഷേധിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. പിന്നീട് ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവിലാണ് ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയേക്കും
ലഖ്‌നൗ: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ലഖ്‌നൗവില്‍ നടക്കും. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. നാളെയാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഭൂമിഹാര്‍ സമുദായത്തില്‍പ്പെട്ട മനോജ് സിന്‍ഹ മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഈ സമുദായത്തില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കുക വഴി ജാതിമത പരിഗണനകള്‍ക്ക് അതീതനായ ഒരു മുഖ്യമന്ത്രി എന്ന പ്രതീതി സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം.