
കൊച്ചി: സ്ത്രീകളെയും പെൺകുട്ടികളെയും കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകൾക്ക് നൽകണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് റിഫോർമേഷൻ മൂവ്‌മെന്റ് (കെ.സി.ആർ.എം.) പ്രവർത്തകർ ബിഷപ്പ് ഹൗസിനു മുൻപിൽ സത്യാഗ്രഹ സമരം നടത്തി. ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, ലാറ്റിൻ കാത്തലിക് അസോസിയേഷൻ, ക്‌നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയായിരുന്നു സമരം. എറണാകുളം അങ്കമാലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഹൗസിനു മുന്നിൽ രാവിലെ 11ന് സത്യജ്വാല മാസികയുടെ എഡിറ്റർ ജോർജ് മൂലേച്ചാലിൽ ഉദ്ഘാടനം ചെയ്തു. കെ.സി.ആർ.എം. നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് ബൈബിൾ വായിച്ച് സത്യാഗ്രഹ സമരത്തിന് തുടക്കമിട്ടു.









