ന്യൂഡല്‍ഹി: ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടം പറ്റിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 020 8629 5950, 020 7632 3035 എന്നീ നമ്പറുകളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാം. അക്രമി സംഘത്തില്‍പ്പെട്ട ഒരാള്‍ പോലീസ് പിടിയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വാഹനാപകടം; മിലിറ്ററി ഉദ്യോഗസ്ഥൻ മരിച്ചു
മട്ടന്നൂർ : മട്ടന്നൂർ നിടുവോട്ടും കുന്നു വാഹന അപകടത്തിൽ പഴശ്ശി സ്വദേശിയായ മിലിട്ടറിക്കാരൻ മരിച്ചു. മകളുടെ പിറന്നാൾ ദിനമായ ഇന്ന് അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഭാര്യയും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലക്ക്; ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്
ന്യൂഡൽഹി : വിമാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ടു ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്.
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോകുന്ന പല വിമാനങ്ങളും വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച മുതലാണ് വിലക്ക് നിലവിൽ വന്നത്. ഭീകരർ വിമാനങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
തൃശ്ശൂരിൽ വീണ്ടും ഭൂചലനം
വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന് വടക്കാഞ്ചേരി കോടതി ജാമ്യം നിഷേധിച്ചു
വടക്കാഞ്ചേരി : ലക്കിടി ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ കോളേജ് ഉടമ കൃഷ്ണദാസിന് ജാമ്യമില്ല. വടക്കാഞ്ചേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസിലെ അഞ്ചും ഏഴും പ്രതികളായ വത്സകുമാര്‍, ഗോവിന്ദന്‍ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. ആറാം പ്രതി സുകുമാരന് മാത്രമാണ് ജാമ്യം അനുവദിച്ചത്. പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ് കൃഷ്ണദാസ്.
അതിനിടെ, സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്ന് അടച്ചിട്ടിരിക്കുകയാണ്. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആണ് ഇത്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കോളേജുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന ഭീഷണിയും ഉണ്ട്.
സിആര്‍ മഹേഷ് പാര്‍ട്ടി വിട്ടു
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച സിആര്‍ മഹേഷ് പാര്‍ട്ടി വിട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനമാണ് അദ്ദേഹം വേണ്ട എന്ന് വെച്ചത്. തൊഴില്‍ ചെയ്തു ജീവിക്കുമെന്നും മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഞ്ഞുനാറി നില്ക്കാൻ താനില്ലെന്നും പാര്‍ട്ടിയുടെ പരാജയത്തിന് കാരണം പാര്‍ട്ടി അംഗങ്ങള്‍ തന്നെ ആണെന്നും അദ്ദേഹം പരിഹസിച്ചു. രാഹുല്‍ ഗാന്ധിയെയും എകെ ആന്റണിയേയും മഹേഷ് വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്കാണ് അദ്ദേഹം കരുനാഗപ്പള്ളില്‍ പരാജയപ്പെട്ടത്.
വലിയവെളിച്ചം റോഡിൽ തിരക്കിട്ട അറ്റകുറ്റപ്പണി; മുഖ്യമന്ത്രി വരുന്നു!!!
വലിയവെളിച്ചം : മുഖ്യമന്ത്രി വരുന്നെന്നു അറിഞ്ഞ ഉടൻ വലിയവെളിച്ചം റോഡിൽ പണി തുടങ്ങി. മുരിയാട് വലിയവെളിച്ചം റോഡിലൂടെ കടന്നു പോകുന്ന യാത്രക്കാർക്കാണ് മുഖ്യമന്ത്രിയുടെ വരവ് അനുഗ്രഹമായത്. റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് എത്രയോ തവണ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. വലിയവെളിച്ചത്ത് വനിതാ ഹോസ്റ്റൽ ഉത്ഘാടനത്തിനാണ് ബുധനാഴ്ച മുഖ്യമന്ത്രി എത്തുന്നത്.
കുപ്പിവെള്ള കമ്പനിക്കെതിരേ നാട്ടുകാര്‍
ചെറുപുഴ: കോഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനിക്കെതിരെ നാട്ടുകാർ പരാതിപ്പെടുന്നു. ഇതേതുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം സ്ഥലം സന്ദര്‍ശിച്ചു. കുടിവെള്ള കമ്പനി വന്നതില്‍ പിന്നെ സമീപ പ്രദേശങ്ങളിലെ തോടുകളും പുഴകളും കിണറുകളും കുളങ്ങളും വറ്റിയെന്നാണു നാട്ടുകാരുടെ പരാതി. 5000 ലിറ്റര്‍ വെള്ളം എടുക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സ് ഫാക്ടറിക്കുവേണ്ടിയാണു സ്ഥാപനം ലൈസന്‍സ് നേടിയിരിക്കുന്നതെങ്കിലും നാട്ടുകാർ പറയുന്നത് ഇപ്പോള്‍ വന്‍തോതില്‍ വെള്ളമൂറ്റി കുപ്പിവെള്ളമായി വില്‍പന നടത്തുന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായെന്നാണ്. പഞ്ചായത്ത് ബോര്‍ഡ് ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നു പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു
‘വികല്‍പ്’ റെയില്‍വേയുടെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ റെയിൽവേ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതിയാണ് വികല്‍പ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയം ട്രയിനുകള്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുക, എന്നതാണ് പദ്ധതിയിലുടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ അവര്‍ യാത്ര ചെയ്യുന്ന അത്രയും ദൂരം ടിക്കറ്റ് കണ്‍ഫേമായിരിക്കും. രാജധാനി, ശതാബ്ദി, തുരന്തോ, സുവിധ, തുടങ്ങിയ ട്രയിനുകള്‍ ഒഴിഞ്ഞ സീറ്റുകളുമായി യാത്ര ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് വികല്‍പ്പ് നടപ്പിലാക്കുന്നത്.
പുതിയ പദ്ധതി പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ അതേ റൂട്ടിലേക്ക് തൊട്ടടുത്ത സമയത്ത് എത്തുന്ന മറ്റൊരു ട്രയിനിലേക്ക് നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി പ്രത്യേകമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കാണിക്കുന്ന ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി. യാത്രക്കാര്‍ക്ക് ആ ട്രയിനില്‍ ബെര്‍ത്ത് ഉറപ്പാക്കാം.
ദ്രുതകര്‍മസേനയെ വിന്യസിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം; മാത്യു കുന്നപ്പള്ളി
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിനു സമീപം വന്യമൃഗങ്ങളുടെ അതിരൂക്ഷമായ ആക്രമണം നടക്കുന്ന പ്രദേശങ്ങളില്‍ വനംവകുപ്പിന്‍റെ ദ്രുതകര്‍മസേനയെ വിന്യസിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു കുന്നപ്പള്ളി ആവശ്യപ്പെട്ടു. രണ്ടു മാസമായി സംസ്ഥാനത്ത് 14 പേര്‍ മരിക്കുകയും കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ മരിക്കുകയും ആയിരക്കണക്കിന് കര്‍ഷകരുടെ കൃഷി നശിക്കുകയും ചെയ്ത സ്ഥിതിയാണുള്ളത്.ആനയുടെയും കാട്ടുപന്നിയുടെയും ആക്രമണം നിരന്തരമായി നേരിടുന്ന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണവും വനപാലകരുടെ സ്ഥിരമായ പട്രോളിംഗും വേണം. ജെയ്‌സൺ ജീരകശേരി അധ്യക്ഷത വഹിച്ചു. സി.എസ്.സെബാസ്റ്റ്യന്‍, ജോസ് നരിമറ്റം, ഏബ്രഹാം പാരിക്കാപ്പള്ളി എന്നിവർ സംസാരിച്ചു.