തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണമെന്ന നിലപാടിൽ സി പി എം. പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന തുടർച്ചയായ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്നും ബെഹ്‌റയ്ക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ലെന്ന വികാരമാണ് നേതാക്കൾക്കുള്ളത്. ബെഹ്‌റയ്ക്ക് പകരം മറ്റൊരാളെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യമാണ് ഉള്ളത്. പകരക്കാരനെ കണ്ടെത്തിയാൽ മാറ്റുമെന്ന് തന്നെയാണ് സൂചന.
ഫോൺ വിളിക്കാനും കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കുന്നു
ന്യൂഡൽഹി : എല്ലാ പ്രീ പെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെയും ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് രാജ്യത്തെ എല്ലാ മൊബൈൽ ഫോൺ സേവന ദാതാക്കൾക്കും ടെലികോം കമ്മ്യൂണിക്കേഷൻസ് വകുപ്പ് അയച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത ഫോൺ നമ്പർ ഇന്ത്യയിൽ നിയമവിരുദ്ധമാകും. അടുത്ത മാസം മുതൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ തുടങ്ങും.ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യും.
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമർശിക്കാനോ അഭിപ്രായം പറയാനോ പാടില്ല. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മേലുദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണം. നടപടി എടുത്തില്ലെങ്കില്‍ ഗുരുതര വീഴ്ചയായി കണക്കാക്കും.
ശിവസേന എം.പി രവീന്ദ്ര ഗെയിക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: എം.പി രവീന്ദ്ര ഗെയിക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത സംഭവം ആണിതെന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അഭിപ്രായപ്പെട്ടു. ഒരു ജനപ്രതിനിധി ഇത്തരത്തില്‍ മോശമായി പെരുമാറുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നൽകും. എം.പിയെ ഒരു വിമാനത്തിലും സഞ്ചരിക്കാന്‍ അനുവദിക്കരുതെന്നും പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും മുന്‍ വ്യോമയാനമന്ത്രിയും എന്‍.സി.പി നേതാവുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ബിസിനസ് ക്ലാസിന് പകരം എക്കോണമി ക്ലാസില്‍ ഇരുത്തിയതിനാണ് ശിവസേന എം.പി രവീന്ദ്ര ഗെയിക് വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത്.
കളക്ടറേറ്റിനുമുന്നില്‍ തെരുവോര കച്ചവടക്കാരുടെ സമരം
കണ്ണൂര്‍: തെരുവോര കച്ചവടക്കാരുടെ തൊഴില്‍സ്ഥിരത ഉറപ്പുവരുത്തുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉറപ്പുവരുത്തുക, പാര്‍ലമെന്റ് പാസാക്കിയ തെരുവോര കച്ചവടനിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവോര കച്ചവടക്കാര്‍ സ്ട്രീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ ഉദ്ഘാടനംചെയ്തു. കെ.വി.നാരായണന്‍ അധ്യക്ഷതവഹിച്ചു.
മുണ്ടാനൂരില്‍ ചുഴലിക്കാറ്റ്: അഞ്ഞൂറ് വാഴകള്‍ നശിച്ചു
ഉളിക്കല്‍: മുണ്ടാനൂരില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ അഞ്ഞൂറോളം വാഴകള്‍ നശിച്ചു. മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ തച്ചുകുന്നുമ്മല്‍ സുജിത്തിന്റെ വാഴക്കൃഷിയാണ് പൂര്‍ണമായും നശിച്ചത്. നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന് കര്‍ഷകസംഘം ഉളിക്കല്‍ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുമേഖലബാങ്കുകളിൽ വീണ്ടും നോട്ടുക്ഷാമം
കോഴിക്കോട്: നിയന്ത്രണം പിൻവലിച്ചതോടെ ഇടപാടുകാർ കൂടുതൽപണം പിൻവലിക്കുന്ന സാഹചര്യത്തിൽ പൊതുമേഖലബാങ്കുകളിൽ വീണ്ടും നോട്ടുക്ഷാമം അനുഭവപ്പെടുന്നു. എ.ടി.എമ്മുകളിൽ നോട്ടുകൾ വയ്ക്കേണ്ടെന്നാണ് ബാങ്കുകൾക്ക് ഉള്ള നിർദേശം. ഇടപാടുകാർ കൊണ്ടുവരുന്ന പണമെടുത്ത് പ്രതിസന്ധി നേരിടാനാണ് ജീവനക്കാർ ശ്രമിക്കുന്നത്. നോട്ടിന്റെ ക്ഷാമം സ്വകാര്യ ബാങ്കുകളെ അധികം ബാധിച്ചിട്ടില്ല. ഇവയുടെ എ.ടി.എമ്മുകളിൽ ആവശ്യത്തിന് പണം ലഭിക്കുന്നുണ്ട്.
നാലുനിലകെട്ടിടത്തിനു മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു
കട്ടപ്പന: പുളിയന്‍മലയില്‍ നാലുനിലകെട്ടിടത്തിനു മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു. പുളിയന്‍മലയിലെ പലചരക്കുകടയില്‍ ജോലിക്കാരനായിരുന്ന മുണ്ടക്കയം ഏറാട്ടുപറമ്പില്‍ മാത്യുവിന്റെ മകന്‍ ഡൊമിനിക്(18) ആണ് മരിച്ചത്. ഫോണുമായി വൈഫൈ സിഗ്നല്‍ ലഭിക്കുന്നതിനായി തൊട്ടടുത്ത കെട്ടിടത്തിനു മുകളില്‍ കയറിയപ്പോൾ കാല്‍വഴുതി വീഴുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി സി പി എം
തിരുവനന്തപുരം: സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ വെച്ചു. പത്തുമാസം എന്ന് പറയുന്നത് സര്‍ക്കാരിനെ വിലയിരുത്താനുള്ള വളരെ ചെറിയ കാലയളവാണെങ്കിലും തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ജനകീയ മിഷനുകളെക്കുറിച്ചുള്ള പ്രചാരണം ജനങ്ങളില്‍ വേണ്ടത്ര എത്തിയിട്ടില്ല. വന്‍കിട പദ്ധതികള്‍ക്കൊപ്പംതന്നെ ജനകീയ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കണം, അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയും സെക്രട്ടേറിയറ്റ് തുടരും.