ബിയറും കള്ളും വൈനും മദ്യത്തിന്റെ പരിധിയിൽ വരില്ല

keralanews Supreme Court of India, Kerala, Liquor, Toddy, beer and wine shouldn't be considered as liquor

ന്യൂഡല്‍ഹി:  കള്ള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയില്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

പാതയോരത്തെ ബാറുകള്‍ക്കും ഈ വിധി ബാധകമാണോയെന്ന് പരിശോധിക്കണം. അതേസമയം ബിയര്‍ മദ്യമല്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും, മദ്യ നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

പാതയോരത്തുള്ള 150 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍, 25 എണ്ണമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155ഉം ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്‌കോ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം തേടി ബെവ്‌കോയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കൊല്ലം കുളത്തൂപ്പുഴയിൽ സി പി എം ഹർത്താൽ

keralanews Harthal in Kulathooppuzha Kollam district

കുളത്തൂപ്പുഴ: കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ചൊവ്വാഴ്ച സി പി എം ഹര്‍ത്താൽ ആചരിക്കുന്നു. ബി ജെ പി- സി പി എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സി പി എം പ്രവർത്തകരായ അനിൽ കുമാർ, അനസ് എന്നിവർക്ക് പരിക്ക് പറ്റിയതിൽ പ്രതിഷേധിച്ചാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

തിങ്കളാഴ്ചയായിരുന്നു സി പി എം പ്രവർത്തകരും ബി ജെ പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. കുളത്തുപ്പുഴയിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നത് പതിവാണ്. മുമ്പ് നടന്ന അക്രമങ്ങളിൽ രണ്ട് കൂട്ടർക്കും പരിക്ക് പറ്റിയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ ഇരു വിഭാഗങ്ങളുടെ നേതാക്കളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്ങ്ങൾ ഇപ്പോഴും തുടരുന്നു.

അണ്ടലൂര്‍ കാവ് ഉത്സവത്തിന് ഇന്ന് കൊടിയേറും

keralanews andallurkavu temple festival today onwards
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വടക്കേമലബാറിലെ പ്രധാന ക്ഷേത്രമായ അണ്ടലൂര്‍ കാവിലെ ഉത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്നു തേങ്ങ താക്കല്‍ ചടങ്ങ് നടക്കും. ക്ഷേത്ര പരിസരത്തെ വീടുകളില്‍ നിന്ന് ഉത്സവത്തിനുള്ള തേങ്ങ ശേഖരിക്കുന്നതാണ് ചടങ്ങ്. 7 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ആയിരകണക്കിന് ഭക്തജനങ്ങളാണ് എത്തിചേരുക.
ധര്‍മ്മടം, മേലൂര്‍, പാലയാട്, അണ്ടലൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ അണ്ടലൂര്‍ ക്ഷേത്ര ഉത്‌സവം തങ്ങളുടെ ദേശീയോത്സവമായാണ് ആഘോഷിച്ചുവരുന്നത്. മറുനാടുകളില്‍ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നതുമായ ധര്‍മ്മടം സ്വദേശികള്‍ ഉത്സവകാലമാകുമ്പോഴേക്കും നാട്ടിലെത്തിച്ചേരും.
ദൈവത്താര്‍, അങ്കക്കാരന്‍ ബപ്പൂരന്‍ തുടങ്ങിയ തെയ്യക്കോലങ്ങളാണ് പ്രധാനമായും ഇവിടെ കെട്ടിയാടുന്നത്. കൂടാതെ അതിരാളരും മക്കളും പൊന്മകന്‍, പുതുച്ചേകോന്‍, നാഗകണ്ഠന്‍, നാഗഭവതി, വേട്ടക്കൊരുമകന്‍, ഇളങ്കരുവന്‍, പൂതാടി, ചെറിയ ബപ്പൂരാന്‍, തൂവക്കാലി എന്നീ ഉപദേവതകളും കെട്ടിയാടുന്നുണ്ട്.ദൈവത്താര്‍ ശ്രീരാമനായും ബപ്പൂരാന്‍ ഹനുമാനായും അങ്കക്കാരന്‍ ലക്ഷ്മണനായും, അതിരാളം സീതയായും ഇളങ്കുരുവന്‍പൂതാടി എന്നിവര്‍ ബാലിസുഗ്രീവന്‍ മാരുമായാണ് സങ്കല്പം. ബാലിസുഗ്രീവ യുദ്ധവും പൊന്‍മുടിയണിയലും തെയ്യക്കാഴ്ചകളും ദര്‍ശിക്കാനാണ് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ ഒഴുകിയെത്തുന്നത്. കുംഭം രണ്ട് മുതല്‍ 7വരെയാണ് പ്രധാന ഉത്സവങ്ങള്‍ നടക്കുന്നത്.

ക്ഷേത്രോത്സവത്തിനിടെ ബോംബേറ്

keralanews bomb thrown in tellicherry
തലശ്ശേരി: തലശ്ശേരി പൊന്ന്യം കുണ്ടുചിറ കാട്ടില്‍ അടൂട്ട മടപ്പുര ക്ഷേത്രോത്സവ സ്ഥലത്ത് ബോംബെറിഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കൃഷ്ണാലയത്തില്‍ കെ സന്തോഷിന് പരിക്കേറ്റിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം.
സംഭവത്തില്‍ അഞ്ച് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സായത്ത്, വിനോദ് തുടങ്ങി അഞ്ച് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മടപ്പുര ക്ഷേത്രത്തില്‍ ഇന്നലെയാണ് തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ചത്. 15നാണ് ഉത്സവം സമാപിക്കുക.

നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാനയോഗം

keralanews chief minister in kannur on tomorrow
കണ്ണൂർ :ജില്ലയില്‍ അടിക്കിടെ ഉണ്ടാകുന്ന കൊലപാതകങ്ങളും അക്രമങ്ങളും കണക്കിലെടുത്ത് നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സമാധാനയോഗം നടക്കും. ജില്ലയില്‍ നേരത്തെ സമാധാന യോഗങ്ങള്‍ നടന്നെങ്കിലും ഇതിനൊന്നും പരിഹാരമാകാത്ത സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം, ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു.

ചിലയിടങ്ങളില്‍ ഉണ്ടാകുന്ന ഉന്തും തള്ളുമാണ് പലപ്പോഴും വലിയ കുഴപ്പങ്ങളിലേക്ക് പോകുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മുളയിലെ നുള്ളണമെന്നും പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തണമെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സമാധാനയോഗം നടത്താനുള്ള സര്‍ക്കാറിന്റെ തീരുമാനം ഇരുകൈയ്യും നീട്ടിയാണ് ബിജെപി സ്വീകരിച്ചത്.

കുടുംബവഴക്കിനിടെ പിതാവ് മകനെ കുത്തിക്കൊന്നു

കോട്ടയം: മകന്റെ അമിത മദ്യപാനം മൂലം പൊറുതി മുട്ടിയ പിതാവ് കുടുംബ വഴക്കിനിടെ മകനെ കുത്തിക്കൊന്നു. കുറവിലങ്ങാട് കാണില്‍ക്കുളം കോളനിക്കു സമീപം ഇഞ്ചിക്കുടിലില്‍ ദീപുവാണ് (37) പിതാവിന്റെ കുത്തേറ്റ് മരിച്ചത്.

keralanews family says father stabbed his own son to death after heavy drinking

ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. സംഭവത്തില്‍ പിതാവ് ദേവനെ (67) പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനായ ദീപു മദ്യത്തിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ചെത്തുന്ന ദീപു സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

അവിവാഹിതനായ ദീപുവിന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹപ്രായം കഴിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹം ഇതുവരെ നടന്നില്ല. ദീപുവിന്റെ അമിത മദ്യപാനമാണ് പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ കഴിയാത്തതെന്ന് പിതാവ് ബന്ധുക്കളോട് പറയാറുണ്ട്. കഴിഞ്ഞദിവസവും മദ്യപിച്ചെത്തിയ മകനും പിതാവും തമ്മില്‍ ഇതേചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്.

 

പനീര്‍സെല്‍വം സെക്രട്ടേറിയറ്റിലെത്തി

keralanews chief minister Panneerselvam to visit Secretariat

ചെന്നൈ:  തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം സെക്രട്ടേറിയറ്റിലെത്തി. പനീര്‍സെല്‍വം എത്തുന്നതിനാല്‍ ശശികലയെ പിന്തുണയ്ക്കുന്ന വിഭാഗം പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പോലീസ് സെക്രട്ടേറിയറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്റെ വീട്ടില്‍ സെല്‍വം പ്രാര്‍ത്ഥന നടത്തി.

ഗവര്‍ണറുടെ നിര്‍ണായക തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെ തമിഴ്‌നാട്ടില്‍ ശക്തി തെളിയിക്കാനാണ് ഇരുപക്ഷത്തിന്റെയും ശ്രമം. പോയസ് ഗാര്‍ഡനിലും ഒ. പനീര്‍സെല്‍വത്തിന്റെ വീടിനുമുന്നിലും പ്രകടനങ്ങള്‍ നടക്കുകയാണ്. ഭരണസ്തംഭനമെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനാണ് പനീര്‍സെല്‍വത്തിന്റെ നീക്കം.

പനീര്‍സെല്‍വം എത്തുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഡി.ജി.പിയും പോലീസ് കമ്മിഷണറും ഐ.എ.എസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ട്.

അതിനിടെ, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണെന്ന് എഐഎഡിഎംകെ വക്താവ് വൈഗൈ ചെല്‍വന്‍ പറഞ്ഞു. ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനു പിന്നില്‍ ബിജെപിയും ഡിഎംകെയുമാണെന്നും അദ്ദേഹം ആരോപിച്ചു. കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിനു പിന്തുണ അറിയിച്ചുപോയ എംപിമാര്‍ തിരിച്ചുവരും. ശശികലയെ ഇതുവരെ ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷവും അവര്‍ക്കുണ്ട്. ഉടന്‍തന്നെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശശികലയെ ക്ഷണിക്കണമെന്നും വൈഗൈ ചെല്‍വന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച തീരുമാനത്തിലെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെയുടെ പ്രവര്‍ത്തക സമിതിയോഗവും ചേരുന്നുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് ഡിഎംകെ ആസ്ഥാനത്തു വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിലാണു യോഗം.

ഷാരൂഖ് ഖാനെ പ്രകീർത്തിച്ച്‌ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ

keralanews Brazilian novelist Paulo Coelho to praise Shahrukh Khan

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും അദ്ദേഹത്തിൻറെ ചിത്രം ‘മൈ നെയിം ഈസ് ഖാൻ’ നേയും പ്രശംസിച്ച് ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ. ട്വിറ്ററിലാണ് പൗലോ കൊയ്‌ലോ ഷാരൂഖിനെ കുറിച്ചുള്ള അഭിപ്രായം പങ്ക് വെച്ചത്.

താൻ ആകെ കണ്ടിട്ടുള്ള ഒരേ ഒരു ഷാരൂഖ് സിനിമ ‘മൈ നെയിം ഈസ് ഖാൻ’ ആണെന്നും 2010 ൽ ഇറങ്ങിയ സിനിമ ഈ വർഷമാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ ഷാരൂഖിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ഹോളിവുഡിലെ പക്ഷപാതം ഇല്ലായിരുന്നെങ്കിൽ ഷാരൂഖിന് ഓസ്കാർ അവാർഡ് ലഭിച്ചേനെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബ്രസീലുകാരനായ പൗലോ കൊയ്‌ലോ ലോകത്തെ തന്നെ മികച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ 81 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദി ആൽക്കമിസ്റ്റ് നോവലിനെ ആസ്പദമാക്കി മലയാളത്തിൽ ഒരു സിനിമയും നിർമ്മിച്ചിട്ടുണ്ട്.കരൺ ജോഹർ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാൻ’ 2010 ലാണ് തിയേറ്ററുകളിലെത്തിയത്. മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നുള്ള ചില പാശ്ചാത്യ രാജ്യങ്ങളുടെ മനോഭാവത്തിനെതിരെയുള്ള മികച്ചൊരു കലാ സൃഷ്ടിയായിരുന്നു ഈ സിനിമ.

ബാഫ്റ്റ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

keralanews bafta awards announced

ലണ്ടൻ : ബ്രിട്ടീഷ് അക്കാഡമി ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡ് (ബാഫ്റ്റ) പ്രഖ്യാപിച്ചു. ഡേമിയന്‍ ഷസെല്‍ ഒരുക്കിയ ലാ ലാ ലാന്‍ഡ് ആണ് മികച്ച ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസി അഫ്‌ളെക്കാണു മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.

അഞ്ചു പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡ് നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നടന്‍ ദേവ് പട്ടേലും നേടി. ലയണ്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ദേവ് പട്ടേലിനു പുരസ്‌കാരം ലഭിച്ചത്.

 

മയ്യില്‍ ടൗണില്‍ ഉച്ഛവരെ ഹര്‍ത്താല്‍

keralanews hartal in mayyil town till noon

മയ്യില്‍: ടൗണിലെ വ്യാപാരിയായ കെ.കെ ശശിധരന്റെ നിര്യാണത്തെത്തുടര്‍ന്ന് ടൗണില്‍ ഇന്ന് ഉച്ഛവരെ ഹര്‍ത്താല്‍. മയ്യില്‍ ടൗണിലെ ധന്യ മെഡിക്കല്‍സിലെ ജീവനക്കാരനായിരുന്നു ശശിധരന്‍. ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തില്‍ നടക്കും. ഭാര്യ: സി.കെ.ഗീത (നാറാത്ത്) മക്കള്‍: ധന്യ, വിബിന്‍ (ഗള്‍ഫ്) മരുമകന്‍ : ജയരാജന്‍ (ചേടിച്ചേരി) സഹോദരങ്ങള്‍: രത്‌നവല്ലി , രാമചന്ദ്രന്‍.