ന്യൂഡല്‍ഹി: ശശികല നടരാജന്റെ മുഖ്യമന്ത്രി സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. വിചാരണ കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികലയ്ക്ക് നാല് വര്‍ഷം തടവും 10 കോടി രൂപ പിഴയും. ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനോ വരുന്ന 10 വര്‍ഷക്കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ കഴിയില്ല. നാല് ആഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശം. ജസ്റ്റിസുമാരായ പി.സി ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ചൊവ്വാഴ്ച രാവിലെയും ശശികല. ജയലളിത മരിച്ചതിനുശേഷം എ.ഐ.ഡി.എംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ ശശികല തമിഴ് നാട് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയാനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. .ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു നിയമോപദേശം തേടിയതോടെയാണ് സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ അനിശ്ചിതത്വത്തിലായത്. ജനപിന്തുണയുള്ള താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ജയലളിത ആഗ്രഹിച്ചിരുന്നതെന്നും വെളിപ്പെടുത്തി. തൊട്ടടുത്ത ദിവസം എം.എല്‍.എമാരുടെ യോഗം വിളിച്ചശേഷം ശശികല അവരെ റിസോര്‍ട്ടിലേക്ക് മാറ്റി. തുടര്‍ന്ന് നടന്ന നാടകീയ നീക്കങ്ങള്‍ക്ക് അന്ത്യംകുറിച്ചുകൊണ്ടാണ് സുപ്രീം കോടതിയില്‍നിന്ന് ശശികലയ്ക്ക് എതിരായ വിധി.വിധി നടപ്പിലാക്കുന്നതോടെ ജയലളിത അനുഭവിച്ചതില്‍ ബാക്കി തടവാണ് ശശികലയ്ക്കും കൂട്ടുപ്രതികള്‍ക്കും അനുഭവിക്കേണ്ടിവരിക. കണക്കുകള്‍ അനുസരിച്ച് മൂന്ന് വര്‍ഷവും ആറുമാസവും തടവുശിക്ഷ ശശികലയും കൂട്ടരും അനുഭവിക്കേണ്ടിവരും.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ പെട്ടെന്നുള്ള വിയോഗത്തോടെ മുഖ്യമന്ത്രിയാകാന്‍ പുറപ്പെട്ട വി.കെ ശശികലയ്ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളായി തമിഴ്‌നാട്ടിലുടലെടുത്ത ശശികല-പനീര്‍ശെല്‍വം രാഷ്ട്രീയപോരിനു കൂടിയാണ് അവസാനമാകുന്നത്.അനധികൃത സ്വത്ത് സമ്പാദക്കേസില്‍ നാല് വര്‍ഷം തടവും 100 കോടി രൂപയുമാണ് ആദ്യം വിചാരണക്കോടതി പ്രതികള്‍ക്ക് വിധിച്ചത്. ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമി 1996ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 18 വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ആണ് ജയലളിത,ശശികല,ജയയുടെ വളര്‍ത്തുമകനായിരുന്ന വി.എന്‍ സുധാകരന്‍,ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്ക് എതിരെ വിധി വരുന്നത്.എന്നാല്‍ 2015ല്‍ ഹൈക്കോടതിയില്‍ ജയലളിത നല്‍കിയ അപ്പീല്‍ അംഗീകരിച്ചതോടെ ജയലളിതയും ശശികലയും കൂട്ടുപ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു.ഇതെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2016 ജൂണില്‍ സുപ്രീംകോടതി വിധി .