ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെ അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു രാജ്ഭവനിലേക്ക് ക്ഷണിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുന്‍പ് എടപ്പാടി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് അണ്ണാ ഡിഎംകെ കാണുന്നത്. അമ്മയുടെ വിജയം എന്നാണ് നടപടിയെ പാര്‍ട്ടി വിശേഷിപ്പിച്ചത്.
തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറുന്നതിനിടെയാണ് പുതിയ നീക്കം. ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും ഭരണസ്തംഭനവും പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എടപ്പാടി വീണ്ടും ഗവര്‍ണറെ കാണുന്നത്. ആരെ ആദ്യം വിശ്വാസവോട്ട് തേടാന്‍ സഭയിലേക്ക് അയയ്ക്കും എന്നതാണ് ചോദ്യം. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തില്‍ തന്നെവേണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശങ്ങളെല്ലാം.
എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും കഴിഞ്ഞദിവസം രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു എടപ്പാടിയുടെ അവകാശവാദം. പനീര്‍സെല്‍വത്തിന് എട്ട് അംഗങ്ങളുടെ പിന്തുണയാണുള്ളത്. പളനി സാമിയെ പിന്തുണയ്ക്കുന്ന എം എല്‍ എമാരെല്ലാം കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുകയാണ്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകുന്നതിന് എടപ്പാടിയെ ക്ഷണിക്കുമെന്നാണ് സൂചന.
അതേസമയം പളനിസാമിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചാല്‍ സഭയില്‍ സമഗ്ര വോട്ടെടുപ്പ് ഇല്ലാതാവും. നിലവിലെ സാഹചര്യത്തില്‍ പളനിസാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്. എല്ലാവശവും പരിഗണിച്ച ശേഷമായിരിക്കും ഗവര്‍ണര്‍ ഒരു തീരുമാനത്തിലെത്തുന്നത്. പളനിസാമിയെ ക്ഷണിക്കുന്നതിന് മുമ്പ് എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയി റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന കാര്യവും ഗവര്‍ണര്‍ പരിഗണിക്കും എന്നും വിലയിരുത്തുന്നുണ്ട്.