ന്യൂഡൽഹി:രാജ്യത്ത് രണ്ടായിരം രൂപയുടെ കറൻസി നോട്ട് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.എല്ലാ ബാങ്കുകൾക്കും ഇത് സംബന്ധിച്ച നിർദേശം ആർബിഐ നൽകിയിട്ടുണ്ട്. അതേസമയം ജനങ്ങളുടെ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ലെന്ന് ആർബിഐ വ്യക്തമാക്കി. നിലവിലുള്ള രണ്ടായിരം രൂപയുടെ നോട്ടുകൾക്ക് മൂല്യമുണ്ടാകുമെന്നും ജനങ്ങളുടെ പക്കലുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ബാങ്കുകൾക്ക് കൈമാറാൻ സെപ്റ്റംബർ 30 വരെ സമയമുണ്ടെന്നും ആർബിഐ അറിയിച്ചു. പുതിയ നിർദേശപ്രകാരം 2023 സെപ്റ്റംബർ 30 വരെ മാത്രമായിരിക്കും രണ്ടായിരം രൂപാ നോട്ട് പണമിടപാടിനായി ഉപയോഗിക്കാൻ സാധിക്കുക.2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. മേയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും.2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ. അറിയിച്ചു.2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ അവതരിപ്പിച്ചു.അന്ന് അവതരിപ്പിച്ച 2000-ത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്.