തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഇനി മുതൽ സിനിമ തിയേറ്ററുകളില്‍ പ്രവേശിക്കാം. തിയേറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ട് വാക്‌സിനും എടുത്തിരിക്കണമെന്നത് ഉള്‍പ്പടെ കര്‍ശ്ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ചലച്ചിത്ര വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ ഇന്നത്തെ അവലോകനയോഗത്തില്‍ തീരുമാനമായത്. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളിലെ വിവാഹത്തിന് 100 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. തുറന്ന സ്ഥലമാണെങ്കില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം.സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക കരുതല്‍ നല്‍കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളെ ഡോക്ടര്‍മാര്‍ സ്‌കൂളില്‍ സന്ദര്‍ശിച്ച് അതതു ഘട്ടങ്ങളില്‍ പരിശോധിക്കണം. അത് കോവിഡ് ഭീതി അകറ്റും. ഏറെക്കാലത്തിനു ശേഷം സ്‌കൂളില്‍ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.