കോയമ്പത്തൂർ:തമിഴ്‌നാട്ടിൽ കെഎസ്‌ആര്‍ടിസി ബസും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം 20 പേർ മരിച്ചു.നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും മലയാളികളാണ്.കോയമ്പത്തൂർ അവിനാശി റോഡില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.അമിത വേഗതയെ തുടര്‍ന്ന് ഡിവൈഡര്‍ മറികടന്ന് വന്ന ലോറി ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടിഡി ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം.ബസിന്റെ 12 സീറ്റുകളോളം പൂര്‍ണ്ണമായും ഇടിച്ചുതകര്‍ന്ന നിലയിലാണ്. മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്നി റാഫേല്‍ (39), റോസ്‌ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടാണ് ബസ് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്തിരുന്നവരാണ്. യാത്രക്കാരെ കുറിച്ച് അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്ബറില്‍ വിളിക്കാം