വാരാണസി:ഉത്തർപ്രദേശിലെ വാരണാസിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണ് 19 പേർ മരിച്ചു.അപകടത്തിൽ പാലത്തിനടിയിൽ കുടുങ്ങിയവരെ പൂർണ്ണമായും പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല.അതുകൊണ്ടു തന്നെ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.വാരാണസിയിലെ കാണ്ഡിലായിരുന്നു സംഭവം. പാലത്തിന്‍റെ രണ്ടു തൂണുകളാണ് തകർന്നു വീണത്. നാലു കാറുകളും ഓട്ടോറിക്ഷയും മിനിബസും കോൺക്രീറ്റ് തൂണിനടിയിൽപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.പാലത്തിന്‍റെ പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടവരിലേറെയും. തകർന്നു വീഴുന്ന സമയത്ത് 50 തൊഴിലാളികളെങ്കിലും ഈ പരിസരത്തുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സംഭവസ്ഥലത്തെത്തി.സംസ്ഥാന ബ്രിഡ്ജ് കോർപറേഷനാണ് പാലത്തിന്‍റെ നിർമാണ ചുമതല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.