തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കി ഒരുവര്‍ഷം തികയുമ്പോൾ കേരളത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് നികുതി വ്യാപിക്കുകയാണ്. ഇപ്പോള്‍ വൈദ്യുതി നിരക്കിന് നികുതി ബാധകമല്ലെങ്കിലും വൈദ്യുതി മീറ്ററിന്റെ വാടകയ്ക്ക് ജിഎസ്ടി ഈടാക്കിത്തുടങ്ങി. ഇതോടൊപ്പം, കണക്ഷനുള്ള ആപ്ലിക്കേഷന്‍ ഫീസിനുള്‍പ്പെടെ വൈദ്യുതി ബോര്‍ഡ് ജിഎസ്ടി ബാധകമാക്കി. സേവനങ്ങള്‍ക്കുള്ള നികുതിനിരക്കായ 18 ശതമാനമാണ് ഇവയ്ക്ക് നല്‍കേണ്ടത്.നാലുതരം മീറ്ററുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സിംഗിള്‍ഫേസ് മീറ്ററിന് രണ്ടു മാസത്തിലൊരിക്കല്‍ 12 രൂപയാണ് വാടക. ഇതിന് ജിഎസ്ടി 2.16 രൂപയാണ്. 30 രൂപ വാടകയുള്ള ത്രീഫേസ് മീറ്ററിന് 5.4 രൂപയാണ് ജ.എസ്ടി കൂടാതെ മാസം 30 രൂപയും ആയിരം രൂപയും വാടകയുള്ള ഉയര്‍ന്ന സാങ്കേതികമേന്മയുള്ള രണ്ടിനം മീറ്ററുകള്‍ കൂടിയുണ്ട്. ഉപഭോക്താവ് സ്വന്തമായി വാങ്ങുന്ന മീറ്ററിന് വാടകയും നികുതിയും ബാധകമല്ല.വൈദ്യുതി വിതരണത്തിനുള്ള ഉപകരണം എന്ന നിലയില്‍ മീറ്ററിന്റെ വാടകയ്ക്കും ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും നികുതി ഈടാക്കേണ്ടതില്ലെന്നായിരുന്നു കെഎസ്ഇബിയുടെ ആദ്യ നിലപാട്. പിന്നീട് ഇവയ്ക്ക് ജിഎസ്ടി ബാധകമാണോയെന്ന് കേന്ദ്ര പരോക്ഷകസ്റ്റംസ് നികുതി ബോര്‍ഡിനോട് ബോര്‍ഡ് സംശയമുന്നയിച്ചു. ഇതേത്തുടര്‍ന്ന് രാജ്യത്തെ എല്ലാ വൈദ്യുതി വിതരണക്കമ്ബനികള്ക്കും ഇത് ബാധകമാണെന്ന് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ബോര്‍ഡ് ഉത്തരവിറക്കി. ഇതനുസരിച്ച് ജിഎസ്ടി കൂടി ചേര്‍ത്താണ് ഇപ്പോള്‍ ബില്ലുകള്‍ നല്‍കുന്നത്. മീറ്റര്‍ വാടക, മീറ്റര്‍ പരിശോധനാ ഫീസ്, വൈദ്യുത ലൈനും മീറ്ററും മാറ്റിവെയ്ക്കുന്നതിനുള്ള പണിക്കൂലി, ഡ്യൂപ്ലിക്കേറ്റ് ബില്ലിനുള്ള ഫീസ് എന്നിവയ്ക്കെല്ലാം ജിഎസ്ടി ബാധകമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Kerala, News
വൈദ്യുതി മീറ്റര്‍ വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തും
Previous Articleആധാർ-പാൻ ബന്ധിപ്പിക്കൽ തീയതി അടുത്ത വർഷം മാർച്ച് വരെ നീട്ടി