Kerala, News

കളിക്കിടയിലെ തര്‍ക്കം;പത്തനംതിട്ടയില്‍ 16 കാരനെ സുഹൃത്തുക്കൾ ചേർന്ന് വെട്ടിക്കൊന്ന് കുഴിച്ചുമൂടി

keralanews 16year old boy hacked to death by friensds in pathanamthitta

പത്തനംതിട്ട:16 വയസുകാരനെ സഹപാഠികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി.പത്തനംതിട്ട കൊടുമണ്ണിലാണ് ദാരുണമായ സംഭവം നടന്നത്. കളിക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ പോലീസ് പിടികൂടി.അഖിലും സുഹൃത്തുക്കളായ രണ്ട് പേരും സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.മണിക്കൂറുകൾക്ക് ശേഷം രണ്ട് പേർ മാത്രം മടങ്ങി വന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ചൊവ്വാഴ്ച രാവിലെ 10.30-ന് അഖിലിനെ സുഹൃത്തുക്കളില്‍ ഒരാള്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി. പിന്നീട് മറ്റൊരു സുഹൃത്തായ സമപ്രായക്കാരനും ഒപ്പംചേര്‍ന്നു. ഉച്ചയോടെ സൈക്കിളില്‍ മൂന്നുകിലോമീറ്റര്‍ ദൂരത്തുള്ള അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെത്തി. സ്‌കൂള്‍ മാനേജരുടെ കദളിവനം കുടുംബവീടിന്റെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിയ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തുകയും ശേഷം സമീപത്ത് കിടന്ന മഴു ഉപയോഗിച്ച്‌ കഴുത്തിനു വെട്ടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. അല്‍പം ദൂരെ നിന്നും മണ്ണു കൊണ്ടുവന്നു മുകളില്‍ ഇട്ടു.ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായി കുട്ടികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ചോദ്യചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇരുവരും കാണിച്ചുകൊടുത്തതോടെ വിവരം പോലീസിനെ അറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് പിടിക്കപ്പെട്ടവരെക്കൊണ്ട് മണ്ണുമാറ്റി അഖിലിനെ പുറത്തെടുപ്പിച്ചു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ്ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖിൽ.

Previous ArticleNext Article