തിരുവനന്തപുരം: അപകടഭീഷണി ഉയർത്തി ബൈക്കില്‍ അഭ്യാസം നടത്തുന്നവരെ പിടികൂടാൻ മോട്ടോര്‍ വാഹനവകുപ്പിന്റെ തയ്യാറാക്കിയ ഓപ്പറേഷന് റാഷില്‍ ഇതുവരെ കുടുങ്ങിയത് 1660 പേര്. 143 പേരുടെ ലൈസൻസ് റദ്ദ് ചെയ്തു. ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങൾ കണ്ടെത്തിയത് ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നാണെന്ന് പരിശോധനയ്ക്കു നേതൃത്വം നല്കിയ അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.ബൈക്കിൽ പല തരത്തിൽ അഭ്യാസങ്ങൾ നടത്തി കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രക്കാർക്കും ഭീഷണി ഉയർത്തി ചീറിപ്പാഞ്ഞ് പോയവരാണ് ഓപ്പറേഷൻ റാഷിൽ കുടുങ്ങിയത് . പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13405 കേസുകളാണ്. ഇതില്‍ 1660 എണ്ണമാണ് അപകടകരമായ തരത്തില്‍ വാഹനമോടിച്ചതിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്.ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കി. ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്. ചങ്ങനാശേരിയില്‍ ബൈക്ക് റേസിങ്ങിന് ഇരയായി മൂന്ന് പേർ മരിച്ചതിനു പിന്നാലെയായിരുന്നു ഗതാഗതവകുപ്പ് ഓപ്പറേഷന് റാഷ് എന്ന പേരിൽ പരിശോധന തുടങ്ങിയത്.