Food, News

ഓണത്തിന് 1600 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി തിലോത്തമൻ

keralanews 1600 onam fairs will organize in state said minister thilothaman

തിരുവനന്തപുരം:ഓണത്തിന് 1600 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി തിലോത്തമൻ.ഒപ്പം എല്ലാ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളും മിനി ഓണം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.ആഗസ്റ്റ് 14 മുതല്‍ ആഗസ്റ്റ് 24 വരെ 10 ദിവസം കേരളത്തിന്റെ നഗര ഗ്രാമപ്രദേശങ്ങളില്‍ ഓണചന്തകള്‍ പ്രവര്‍ത്തിക്കും.അതേസമയം ഓണ വിപണി കൊഴുപ്പിക്കാന്‍ കണ്‍സ്യൂമര്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു.വിലക്കുറവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ഈ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ലാബുകളില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സബ്‌സിഡി നിരക്കില്‍ അരി ജയ, അരി കുറുവ, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങിയ 13 ഇനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകളില്‍ ലഭ്യമാക്കും. സബ്സിഡി ഇനങ്ങള്‍ കൂടാതെ, ഓണം, ബക്രീദ് ഉത്സവക്കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള 13 ഇനങ്ങള്‍ കൂടി മാര്‍ക്കറ്റ് വിലയേക്കാള്‍ ഗണ്യമായ കുറവില്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണില്‍ നിന്നും എം.ആര്‍.പിയേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നതാണ്.സഹകരണ സംഘങ്ങള്‍ക്ക് അവ ഓണ വിപണികളിലൂടെ വില്‍പ്പന നടത്താവുന്നതാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓണവിപണിയുടെ പ്രവര്‍ത്തനം ലഭ്യമാകുന്ന തരത്തിലാണ് സംഘങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

Previous ArticleNext Article