നെയ്‌റോബി:എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ മരിച്ചു.എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.ദുരന്തത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്ബനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.വിമാനം പൊങ്ങുന്നതിനനുസരിച്ച് വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസൂചനയുമായി പൈലറ്റ് ബന്ധപ്പെട്ടപ്പോള്‍ വിമാനം തിരികെയിറക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു.കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലന്‍ഡ്‌സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേല്‍, ബെല്‍ജിയം, യുഗാണ്‍ഡ, യെമെന്‍, സുഡാന്‍, ടോഗോ, മൊസാംബിക്ക്, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.അപകട കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ബോയിങ് വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 737 മാക്സ് 8 വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് ഈ ദുരന്തം.അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അമേരിക്കയിലെ ദ നാഷണൽ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ നാല് അംഗങ്ങളും എത്യോപ്യക്കൊപ്പം അന്വേഷണത്തില്‍ പങ്കാളികളാകും.