കണ്ണൂർ:ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി പിരിച്ചു വിട്ടത് 152 എം പാനൽ കണ്ടക്റ്റർമാരെ.കണ്ണൂർ–56, തലശ്ശേരി–44, പയ്യന്നൂർ–52 എന്നിങ്ങനെയാണ് ഓരോ ഡിപ്പോയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാരുടെ എണ്ണം. കണ്ടക്റ്റർമാരുടെ കുറവ് ഉച്ചയ്ക്കു ശേഷമുള്ള സർവീസുകളെ ബാധിച്ചു. 3 ഡിപ്പോകളിൽ നിന്നായി 21 സർവീസുകളാണു ഇന്നലെ റദ്ദാക്കിയത്. ഇന്ന് ഇത് ഇരട്ടിയിലധികമാകുമെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു.സർവീസുകൾ പരമാവധി മുടങ്ങാതിരിക്കാൻ സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്നതു നിയന്ത്രിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്.ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പ്രതിദിനം 268 സർവീസുകളാണു നടത്തുന്നത്. ആവശ്യത്തിനു ബസുകൾ ഇല്ലാത്തതിനാൽ മിക്ക ദിവസങ്ങളിലും നാൽപതോളം സർവീസുകൾ റദ്ദാക്കുന്നുണ്ട്. ഇതിനു പുറമേ കണ്ടക്ടർമാരുടെ കുറവു മൂലം സർവീസുകൾ റദ്ദാക്കുന്നതോടെ യാത്രാക്ലേശം രൂക്ഷമാകും. 112 സർവീസുകൾ ഉള്ള കണ്ണൂർ ഡിപ്പോയിൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തിയാലും 80 സർവീസുകളേ നടത്താനാകു. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 90 സർവീസുകളും തലശ്ശേരിയിൽ നിന്ന് 66 സർവീസുകളുമാണ് പ്രതിദിനം നടത്തുന്നത്. ഇതും വെട്ടിക്കുറയ്ക്കേണ്ടിവരും.