India, News

മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 മരണം

keralanews 15 migrant workers died after being run over by train in maharashtra

ഔറംഗാബാദ്:മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 പേർ മരിച്ചു.ഔറംഗബാദ് –നാന്ദേഡ് പാതയിലാണ് അപകടം.സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്തിരുന്നു. അയല്‍സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായാണ് ഇവര്‍ മടങ്ങിയിരുന്നത്.മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. യാത്രക്കിടയില്‍ ഔറാംഗാബിദിലെ കര്‍മാടിന് അടുത്ത് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്.ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിന്‍ പിടിക്കുന്നതിനായി ജല്‍ന മുതല്‍ 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസല്‍ വരെ ഇവര്‍ നടക്കുകയായിരുന്നു. 45 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ട്രാക്കില്‍ വിശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ഔറംഗാബാദ് എസ്‌പി മോക്ഷദാ പാട്ടീല്‍ പറഞ്ഞു.റെയില്‍വേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പാളത്തില്‍ ആളുകള്‍ കിടക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് ആളുകള്‍ക്കിടയിലേക്കു കയറുകയായിരുന്നെന്നും പരുക്കേറ്റവരെ ഔറംഗാബാദ് സിവില്‍ ആശുപത്രിയിലാക്കിയെന്നും റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു.പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികള്‍ക്കായി ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ പലപ്പോഴും റെയില്‍പാളങ്ങള്‍ വഴിയാണ് സഞ്ചരിക്കുന്നത്. വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താനും വഴി തെറ്റാതിരിക്കാനും ആണിത്.

Previous ArticleNext Article