
സുൽത്താൻ ബത്തേരി: വയനാട്ടിൽ ആദിവാസികളായ പന്ത്രണ്ടുകാരിയും പതിന്നാലുകാരനും വിവാഹിതരായി. നെന്മേനി പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഒരു ആദിവാസി കോളനിയിലാണ് ശൈശവ വിവാഹം നടന്നത്. പണിയ സമുദായത്തിൽപ്പെട്ട ഇരുവരും ഒരേ കോളനിവാസികളാണ്.പരസ്പരം ഇഷ്ടത്തിലായ ഇരുവർക്കും ബന്ധുക്കൾ ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകുകയായിരുന്നുവെന്നാണ് വിവരം. ചടങ്ങുകളൊന്നുമില്ലാതെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. ഇതേ കോളനിയിൽ ഏതാനുംമാസം മുമ്പ് 16 വയസ്സുകാരി വിവാഹിതയായിരുന്നു.പണിയവിഭാഗത്തിൽ, പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ ഇഷ്ട്ടപ്പെട്ടാൽ പിന്നീട് കല്യാണം ചടങ്ങായി നടക്കുന്നത് വിരളമാണ്. പെൺകുട്ടി ഋതുമതിയായിക്കഴിഞ്ഞാൽ ഇഷ്ടപ്പെട്ടയാളോടൊപ്പം ജീവിക്കാമെന്നാണ് സമുദായത്തിലെ കീഴ്വഴക്കം. കോളനിയിൽ ആശാവർക്കർ എത്തിയപ്പോഴാണ് ശൈശവ വിവാഹവിവരം പുറത്തറിയുന്നത്.തുടർന്ന് ഈ വിവരം വാർഡംഗത്തെ അറിയിച്ചു. ബുധനാഴ്ച വാർഡ് ജാഗ്രതാ സമിതിക്കും ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്.വാർഡ് ജാഗ്രതാ സമിതിക്ക് ലഭിച്ച പരാതിയിൽ, ബന്ധപ്പെട്ട അധികാരികളെ ഉടൻ വിവരമറിയിക്കും. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് ടി.ഡി.ഒ. പറഞ്ഞു.