ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,516 പേര്‍ക്ക് പുതുതായി കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,95,048 ആയി. 24 മണിക്കൂറിനിടെ 375 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 12,948 ആയി.രാജ്യത്ത് കോവിഡ് അതി രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 3,827 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 142 പേര്‍ മരിക്കുകയും ചെയ്തു.തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. 666 പേര്‍ ഇവിടെ രോഗബാധയേറ്റ് മരിച്ചു.അതിനിടെ തമിഴ്നാട്ടിൽ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുംബൈ, പൂനെ തുടങ്ങിയ പ്രദേശങ്ങളിൽ രോഗബാധക്ക് ശമനം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കോവിഡ് പ്രതിരോധം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ട്രെയിൻ കോച്ചുകളിൽ കോവിഡ് ബെഡ് സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 315 പുതിയ കോവിഡ് കേസുകളും 17 മരണവും റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ 54 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.