തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് 14 ദിവസം ക്വാറന്റൈനും ഓൺലൈൻ രജിസ്ട്രേഷനും തുടരുമെന്ന് സംസ്ഥാന സർക്കാർ.ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ് ഉൾപ്പെടെയുള്ള നിബന്ധനകളെല്ലാം കേന്ദ്രസർക്കാർ പിൻവലിച്ചെങ്കിലും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് ജാഗ്രതാ പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.യാത്രക്കാരുടെ വിവരങ്ങൾ അറിയാനും ക്വാറന്റൈൻ ഉറപ്പുവരുത്താനും മാത്രമാണ് രജിസ്റ്റേഷനെന്നും യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.കേന്ദ്രസർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചതോടെ പല സംസ്ഥാനങ്ങളും ക്വാറന്റൈൻ കാലാവധി ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.എന്നാൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ക്വാറന്റൈനിൽ ഇളവ് നൽകേണ്ട എന്നതാണ് കേരളത്തിന്റെ തീരുമാനം.