മുംബൈ: സുപീം കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയ പതിമൂന്നുകാരി പ്രസവിച്ചു. മുംബൈയിലെ ജെജെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജൻമം നൽകിയത്. 1.8 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ ആശുപത്രിയിലെ നിയോനേറ്റൽ ഐസിയുവിൽ സൂക്ഷിച്ചിരിക്കുകയാണ്.ബലാത്സംഗത്തിനിരയായി ഗർഭിണിയായ കൗമാരക്കാരിയുടെ 30 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ കഴിഞ്ഞദിവസം സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റീസ് എസ്.എ.ബോധ്വെ, എൽ.നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ച് പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയും മാനസികനിലയും പരിഗണിച്ച് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.ഇത്രയധികം വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകുന്നത് ഇതാദ്യമാണ്. 20 ആഴ്ചയ്ക്കുമേൽ വളർച്ചയുള്ള ഗർഭം അലസിപ്പിക്കുന്നതിനു കോടതിയുടെ വിലക്കുണ്ട്.മാസങ്ങൾക്കു മുന്പ് പിതാവിന്‍റെ വ്യാപാര പങ്കാളിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതേതുടർന്ന്, ഓഗസ്റ്റിൽ പെണ്‍കുട്ടി ഗർഭിണിയാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.