തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട് 9,മലപ്പുറം 2,പത്തനംതിട്ട 1,കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.കാസര്‍കോട് രോഗം സ്ഥിരീകരിച്ച ആറുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ആള് വിദേശത്തുനിന്നു വന്നതാണ്.കൊല്ലം, മലപ്പുറം സ്വദേശികള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ലോകത്ത് കോവില്‍ ബാധിച്ച 18 മലയാളികള്‍ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്.എട്ടു മലയാളികളാണ് മരിച്ചത്. കൊറോണ തടഞ്ഞുനിര്‍ത്താന്‍ നിയന്ത്രണങ്ങള്‍ കൊണ്ട് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ കൊണ്ട് രോഗവ്യാപനം തടയാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 266 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 1,52,804 പേര്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് മൂന്നു പേരുടെ രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനം ഏതു സാഹചര്യം നേരിടുന്നതിനും സജ്ജമാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം കിടക്കകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിന് പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ കിടക്കകളും ഒരുക്കിയിട്ടുണ്ട്. 38 പ്രത്യേക കൊറോണ കെയര്‍ ആശുപത്രികളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടനെ തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.