ആന്ധ്രാപ്രദേശ്:ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 പേർ മരിച്ചു. മുപ്പതോളം പേരെ കാണാതായി.ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്.ആന്ധ്രയിലെ രാജാമുൻട്രിക്ക് അടുത്തുള്ള പാപികൊണ്ഡലു എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ‘റോയൽ വിശിഷ്ട’ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. സമീപകാലത്തുണ്ടായ പ്രളയത്തെ തുടർന്ന് ജലനിരപ്പ് ഉയർന്ന നിലയിലായിരുന്നു ഗോദാവരി നദി.അപകടത്തിൽ പെട്ട 25 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.നേവി, ദേശീയ ദുരന്ത നിവാരണ സേന, അഗ്നി ശമന സേന, പൊലിസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുക. ഇന്ന് ഉത്തരാഖണ്ഡിൽ നിന്ന് സ്കാനിങ് ഉപകരണങ്ങളും ഹെലികോപ്റ്ററും എത്തും. രണ്ട് നിലകളിലായുള്ള ബോട്ടിലെ മുകളിലത്തെ നിലയിലുള്ളവരാണ് രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഗോദാവരി നദിയിലൂടെയുള്ള മുഴുവന്‍ ബോട്ട് സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിര്‍ദ്ദേശിച്ചു.