പാലക്കാട്: പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നാണ് 12000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. രണ്ടുഘട്ടങ്ങളിലായി നടത്തിയ ഗുണനിലവാര പരിശോധനയിലും പാലിൽ മായം കലര്‍ത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂരിലെ ജനത പാല്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്. കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി മാല്‍ട്ടോഡെകസ്ട്രിന്‍ പാലില്‍ കലര്‍ത്തിയതായി കണ്ടെത്തി. പാലിന്‍റെ ആഭ്യന്തര ഉദ്പാദനം കുറഞ്ഞതിന് പിന്നാലെ മായം കലര്‍ന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ക്ഷീരവകുപ്പ് നടത്തിയ പരിശോധനയിലാണ് സംഘം പിടിക്കപ്പെട്ടത്.മാല്‍ട്ടോഡെകസ്ട്രിന്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലഡ് പ്രഷര്‍ കുത്തനെ വര്‍ധിക്കുവാനും ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും പാന്‍ക്രിയാസ് അടക്കമുള്ള അവയവങ്ങള്‍ക്ക് ഹാനികരവുമാണ്.