Kerala, News

യൂ ട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച്‌ മുടി വെട്ടുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം

keralanews 12 year old boy dies after burning while cutting hair imitating youtube video

തിരുവനന്തപുരം: യൂ ട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച്‌ മുടി വെട്ടുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണനാണ് മരിച്ചത്.തീ ഉപയോഗിച്ച്‌ മുടിവെട്ടുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഗ്‌നിനാളങ്ങള്‍ ഉപയോഗിച്ച്‌ മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ കണ്ട ശിവനാരായണന്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു. കുളിമുറിയില്‍വച്ചാണ് അനുകരണശ്രമം നടന്നതെന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.സംഭവസമയത്ത് കുട്ടിയുടെ ജ്യേഷ്ഠനും അമ്മൂമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. യു ട്യൂബ് നോക്കി കുട്ടി അനുകരിക്കുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല. ഉടന്‍ തന്നെമെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും രാത്രി പത്തര മണിയോടു കൂടി മരിക്കുകയായിരുന്നു.വെങ്ങാനൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനാരായണന്‍. സ്ഥിരമായി യൂട്യൂബ് വീഡിയോകള്‍ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കുട്ടി മരിച്ചത് തീകൊളുത്തി മുടിവെട്ടുന്ന വീഡിയോ അനുകരിച്ചല്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഗെയിമില്‍ തോറ്റതിലെ വിഷമം മൂലമാണ് തീകൊളുത്തിയതെന്ന് കുട്ടി ചികിത്സിച്ച ഡോക്ടര്‍ക്ക് മൊഴി നല്‍കിയതായി വിവരം. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ കുട്ടി തലയിലൊഴിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ മരണമൊഴി രേഖപ്പെടുത്തുകയായിരുന്നു. യുട്യൂബ് അനുകരിച്ചു മുടി വെട്ടുമ്പോഴല്ല അപകടം ഉണ്ടായതെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മരണ മൊഴി എന്നാണ് സൂചന. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.അതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നവമാധ്യമങ്ങളിലെ പ്രവൃത്തികള്‍ കുട്ടികള്‍ അനുകരിക്കാതിരിക്കാന്‍ മാതാപിതാക്ഖള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു. കുട്ടികളുടെ ജീവന്‍ അപകടത്തിലാകും വിധത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.

Previous ArticleNext Article