കോഴിക്കോട്: കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് 12-കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മരണ കാരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതൃസഹോദരി താഹിറ(34) നെ പോലീസ് അറസ്റ്റ് ചെയ്തു.ഇവർ ഐസ്‌ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേ തുടർന്ന് ഛർദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്‌ക്കായി അയക്കുകയും ചെയ്തു.അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി ഐസ്‌ക്രീം വാങ്ങി കഴിച്ചതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണത്തെ തുടർന്ന് കട താൽക്കാലികമായി അടച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തുകയും സംഭവം കൊലപാതകമാണെന്ന് സംശയത്തെ തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്.ഐസ്ക്രീമിൽ മനപൂർവ്വം വിഷം കലർത്തി എന്ന വിവരമാണ് ലഭിക്കുന്നത്. എന്നാൽ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ഇനി വരാനുണ്ട്. താഹിറ പൊലീസ് കസ്റ്റഡിയിലാണ്.