Kerala, News

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ രോഗമുക്തരായി

keralanews 12 covid cases confirmed in the state today and 13 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ -നാല്, കാസര്‍കോട് -നാല്, മലപ്പുറം -രണ്ട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒന്ന് വീതം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. ഇവരില്‍ 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിതരായ എട്ട് വിദേശികള്‍ ഉള്‍പ്പെടെ 13 പേര്‍ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ 11 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാളാണ് വിദേശത്ത് നിന്നെത്തിയത്. 136,195 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 723 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച 153 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതുവരെ 12,710 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 11,469 എണ്ണം രോഗബാധ ഇല്ലായെന്ന് ഉറപ്പാക്കി. ചികിത്സയിലുള്ളവരില്‍ 60 വയസിന് മുകളിലുള്ളവര്‍ 7.5 ശതമാനമാണ്. 20 വയസിന് താഴെയുള്ളവര്‍ 6.9 ശതമാനമാണ്.പരിശോധന സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാല് ദിവസം കൊണ്ട് പുതിയ നാല് ലാബുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്.സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കും. കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത വിഷയം നിലനില്‍ക്കുന്നു. വ്യാഴാഴ്ചയും ഒരാള്‍ മരിച്ചു.ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇതിനായി ആകാശമാര്‍ഗവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Previous ArticleNext Article