കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരമാണ്. ഒരാള്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ.കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 29ന് അബുദാബിയിൽ നിന്ന് ഇവൈ 8211 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 50കാരന്‍, ജൂലൈ 10ന് കുവൈറ്റില്‍ നിന്ന് കെയു 1727 വിമാനത്തിലെത്തിയ ആലക്കോട് തേര്‍ത്തല്ലി സ്വദേശി 54കാരന്‍, 11ന് സൗദി അറേബ്യയില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 38കാരന്‍, ജൂലൈ ഒന്‍പതിന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 27കാരി, ജൂലൈ 11ന് എത്തിയ 19 വയസ്സുകാരായ രണ്ട് ചെമ്പിലോട് സ്വദേശികള്‍, മുംബൈയില്‍ നിന്ന് ജൂലൈ അഞ്ചിന് നേത്രാവതി എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കണ്ണപുരം സ്വദേശി 25കാരി, ജൂലൈ 11ന് മംഗലാപുരത്ത് നിന്നെത്തിയ കരിവെള്ളൂര്‍ സ്വദേശി 50കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സ്വദേശികളാണ്. അഗ്നി-രക്ഷാ സേന ഉദ്യോഗസ്ഥനായ കോടിയേരി സ്വദേശി 34കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 760 ആയി. ഇവരില്‍ 458 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇന്നലെ 46 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25294 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 242 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 78 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 35 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 31 പേരും വീടുകളില്‍ 24884 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കരിവെള്ളൂര്‍ പെരളം- 4, അഞ്ചരക്കണ്ടി- 1, കോട്ടയം മലബാര്‍- 8, വേങ്ങാട്- 1, കണ്ണപുരം- 8, തലശ്ശേരി- 1 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ സമ്പർക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ്- 13, തലശ്ശേരി- 23 വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.