India, News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് പ്രളയം;മരണസംഖ്യ 114 ആയി

keralanews 114 people died in heavy rain and flood in north indian states

ന്യൂഡൽഹി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിലും തുടർന്നുണ്ടായ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 114 ആയി.മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 87 പേരാണ്. വരുന്ന രണ്ടു ദിവസം കൂടി യുപിയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. പ്രളയ ബാധിത മേഖലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്.പ്രളയമേഖലയില്‍ രക്ഷപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും മഴ രക്ഷപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.മേഖലയില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ ക്യാമ്പുകളിലേക്ക് മാറ്റിയതായി കേരളാ സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ സമ്പത്ത് പറഞ്ഞു.ഉത്താരാഖണ്ഡ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. പ്രളയം ബാധിച്ച ബിഹാറിലെ പാറ്റ്നയില്‍ 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ദാര്‍ഭന്‍ഗ, ഭാഗല്‍പൂര്‍, വെസ്റ്റ് ചമ്ബാരന്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി നല്‍കി.ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം വീതം നല്‍കാനും മുഖ്യന്ത്രി ഉത്തരവിട്ടു.

Previous ArticleNext Article