കൊച്ചി:കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ വിലക്ക് ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റിയാലിറ്റി ഷോ താരത്തിന് സ്വീകരണം നല്‍കിയ സംഭവത്തിൽ 11 പേർ കൂടി അറസ്റ്റിൽ.സംഭവത്തിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ഗ്‌ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥി രജിത് കുമാറിന് വിമാനത്താവളത്തിൽ ആരാധകർ നൽകിയ സ്വീകരണമാണ് കേസിനാധാരം. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പോലീസ് കളക്ടര്‍ എസ്. സുഹാസിന്‍റെ നിര്‍ദേശ പ്രകാരം കേസെടുത്തത്. രജിത് കുമാറിനെ സ്വീകരിക്കാനായി 100 ലേറെ വരുന്ന ആരാധകരാണ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.വിമാന താവളത്തിൽ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി.അധ്യാപകൻ കൂടിയായ രജിത് കുമാർ ഏതാനും വിദ്യാർഥികളെ മൊബൈൽ ഫോണിൽ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വിദ്യാർഥികൾ മറ്റ് കുട്ടികളെ വിളിച്ചു.ഒൻപത് മണിയോടെ ഇവർ ഒത്തുകൂടിയപ്പോഴാണ് വിമാനതാവളത്തിലെ പൊലിസുകാർ വിവരമറിയുന്നത്. പിന്നീട് പ്രതികള്‍ മുദ്രാവാക്യവുമായി രജിത് കുമാറിനെ സ്വീകരിക്കുകയായിരുന്നു.ആലുവയിൽ ലോഡ്ജിലായിരുന്നു സംഭവശേഷം രജിത്കുമാര്‍ തങ്ങിയിരുന്നത്.കേസില്‍ മുഖ്യപ്രതിയായ രജിത് കുമാര്‍ ഒളിവില്‍ തുടരുകയാണ്. രജിത്തിന്റെ ആലുവയിലേയും ആറ്റിങ്ങലിലെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.