India, News

ജയ്പൂരില്‍ വാച്ച്‌ ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 മരണം

keralanews 11 died in lightning while taking selfies in watch tower in jaipur

ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ അമേര്‍ കൊട്ടാരത്തിലെ വാച്ച്‌ ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇടിമിന്നലേറ്റപ്പോള്‍ നിരവധിയാളുകള്‍ വാച്ച്‌ ടവറിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. സംഭവം നടക്കുമ്പോൾ 27 പേർ വാച്ച്‌ ടവറിലും കോട്ട മതിലിലുമുണ്ടായിരുന്നതായി റിപോര്‍ട്ടുണ്ട്. കനത്ത മഴയത്ത് നിരവധി പേരാണ് സെല്‍ഫിയെടുക്കാനായി വാച്ച്‌ ടവറില്‍ കയറിയത്. മിന്നലുണ്ടായ ഉടനെ വാച്ച്‌ടവറില്‍ നിന്ന് താഴേക്ക് ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. താഴേക്ക് ചാടിയ ചിലരെ ഇതുവരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതു വകവയ്ക്കാതെയാണ് ആളുകള്‍ സെല്‍ഫിയെടുക്കാനായി വാച്ച്‌ ടവറില്‍ കയറിയത്.വാച്ച്‌ ടവര്‍ ദുരന്തത്തിന് പുറമെ ഇടിമിന്നലേറ്റ് രാജസ്ഥാനിലെ പല ഭാഗങ്ങളില്‍നിന്നായി ഒൻപത് മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മദ്ധ്യപ്രദേശ് എന്നിവി‌ടങ്ങളിലും ഇടിമിന്നല്‍ നിരവധിപേരുടെ ജീവനെടുത്തു. മൂന്നുസംസ്ഥാനങ്ങളിലായി ആകെ 68 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

Previous ArticleNext Article