Kerala, News

സോഷ്യൽ മീഡിയ വഴി നവദമ്പതികളെ അപമാനിച്ച സംഭവം;11 പേർ അറസ്റ്റിൽ;ഗൾഫിലുള്ളവർക്കായി ലുക്ക് ഔട്ട് നോട്ടീസ്

keralanews 11 arrested in connection with the incident of insulting couples through social media and issued look out notice against those who were in gulf

ശ്രീകണ്ഠപുരം:ചെറുപുഴയിൽ കഴിഞ്ഞ ദിവസം വിവാഹിതരായ നവദമ്പതികൾ സോഷ്യൽ മീഡിയ വഴി അപമാനിച്ച സംഭവത്തിൽ 11 പേർ അറസ്റ്റിലായി. ചെമ്പന്തൊട്ടിയിലെ തോട്ടുങ്കര ജൂബി ജോസഫിന്റെ പരാതിയില്‍ ആലക്കോട് ജോസ്ഗിരിയിലെ കല്ലുകെട്ടാംകുഴി റോബിന്‍ തോമസ്(29) ഉള്‍പ്പെടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരാണ് അറസ്റ്റിലായത്. ഗള്‍ഫില്‍നിന്നടക്കം ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. അതിനിടെ ആദ്യം ചിത്രം പ്രചരിപ്പിച്ചത് താനല്ലെന്നും മറ്റൊരാള്‍ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിന്‍ തോമസ് പൊലീസിന് മൊഴിനല്‍കി.ഇനിയും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരും ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകുമെന്ന് ശ്രീകണ്ഠപുരം സിഐ. വി.വി. ലതീഷ് അറിയിച്ചു.പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപഴ പാറത്താഴ ഹൗസിലെ അനൂപിന്റേയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പന്തൊട്ടി തോട്ടുങ്കര സ്വദേശി ജുബിയുടേയും വിവാഹദിവസം പത്രത്തില്‍ വന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ അവമതിപ്പുണ്ടാകും വിധം പ്രചരിച്ചത്.വരനും വധുവും തമ്മിലുള്ള പ്രായവ്യത്യാസം സൂചിപ്പിക്കുന്ന കമന്റോടുകൂടിയാണ് വാട്‌സാപ്പ് പ്രചാരണം. പത്രത്തില്‍ നല്‍കിയ വിവാഹപരസ്യത്തിന്റെ ഫോട്ടോയും കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസിലും പരാതി നല്‍കി.ശ്രീകണ്ഠാപുരം നഗരത്തിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിന്റേയും പുലിക്കുരുമ്പയിലെ വാട്സാപ്പ് ഗ്രൂപ്പിന്റേയും പേരാണ് ദമ്പതികൾ പരാതിയില്‍ നല്‍കിയിരുന്നത്. അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്ന് ഇവർ പറഞ്ഞു.സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.

Previous ArticleNext Article