Kerala, News

ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ 100 കോടിയുടെ തട്ടിപ്പ്;കണ്ണൂരിൽ നാല് പേർ അറസ്റ്റിൽ

keralanews 100 crore rupees scam in the name of cryptocurrency four arrested in Kannur

കണ്ണൂർ: കണ്ണൂരിൽ ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്ത് നൂറ് കോടിയുടെ തട്ടിപ്പ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോങ് റിച്ച് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ.കോഴിക്കോട് സ്വദേശികളായ മുഹമ്മദ് റിയാസ്, വസീം മുനവറലി, മലപ്പുറം സ്വദേശിയായ ഷെഫീഖ് സി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇതുവരെ ആയിരത്തിലധികം പേരെ കബളിപ്പിച്ചതായി പോലീസ് അറിയിച്ചു. മലപ്പുറത്തും കാസർകോടുമാണ് ഏറ്റവും കൂടുതൽ പേർ തട്ടിപ്പിന് ഇരയായത്.മണി ചെയിൻ മോഡലിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലയിലുള്ള ആളുകളുടെ പണം യുവാക്കൾ ഇത്തരത്തിൽ തട്ടിയെടുത്തു.സംഭവത്തിൽ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികളിലൂടെ മാത്രം ആളുകൾ നിക്ഷേപിച്ചത് നൂറ് കോടിയിലധികം രൂപയാണ്. ഒരാൾക്ക് ഒരുലക്ഷത്തിലേറെ രൂപ വെച്ച് ആയിരത്തിലേറെ പേരുടെ പണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും ഇക്കാര്യം വ്യക്തമായതായി പോലീസ് പറഞ്ഞു.പ്രതിദിനം എട്ട് ശതമാനം വരെ ലാഭം ക്രിപ്‌റ്റോ കറന്‍സി വഴി ഉണ്ടാക്കാമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച്‌ ആയിരുന്നു തട്ടിപ്പിന് ഇരയാക്കിയത്. നാല് മാസം മുൻപ് കണ്ണൂർ സിറ്റി പോലീസ് സ്‌റ്റേഷനിലെത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ അറസ്റ്റിലായത്.കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സംഭവത്തില്‍ കൂടുതല്‍ പരാതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.അറസ്റ്റിലായ മുഹമ്മദ് റിയാസ് ന്റെ അക്കൗണ്ടില്‍ 40 കോടിയും ശഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും വന്നതായി പോലീസ് കണ്ടെത്തിയെന്ന് കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍ പറഞ്ഞു.

Previous ArticleNext Article