തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോഡുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്.കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്.തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.തൃശൂര്‍, ആലപ്പുഴ, വയനാട് നിലവില്‍ രോഗം ബാധിച്ച് ആരും ചികില്‍സയിലില്ല.102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി. ഇടുക്കിയിലെ വണ്ടിപ്പെരിയാറും കാസർഗോട്ടെ അജാനൂറുമാണ് ഹോട്ട്സ്പോട്ടുകളായി മാറിയത്. ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 51 പേർ ആശുപത്രിയിലുമാണ്.