Kerala, News

കാസർകോട്ട് വൻ കുഴൽപ്പണവേട്ട;1.2 കോടി രൂപയും 1.5 കിലോ സ്വർണ്ണവും പിടികൂടി

keralanews 1.2crore rupees and 1.5kg gold seized from kasargod

കാസർഗോഡ്:കാസർകോട്ട് വൻ കുഴൽപ്പണവേട്ട.1.2 കോടി രൂപയും 1.5 കിലോ സ്വർണ്ണവും പിടികൂടി.കാറിന്റെ പിൻസീറ്റിനടിയിൽ പ്രത്യേക അറ നിർമ്മിച്ച് അതിൽ ഒളിപ്പിച്ചാണ് മംഗളൂരുവിൽ നിന്നും പണം കടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീൽ(28),തളങ്കര സ്വദേശി ബഷീർ(60),രാമചന്ദ്ര പാട്ടീലിന്റെ സ്വർണ്ണക്കടയിലെ പണിക്കാരൻ എന്നിവരെ കസ്റ്റംസ് പിടികൂടി.കണ്ണൂർ ഡിവിഷൻ കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണവും പണവും പിടികൂടിയത്‌.കണ്ണൂർ,കാസർകോഡ് ജില്ലകളിൽ നിന്നുള്ള കസ്റ്റംസ് സംഘം നാല് ദിവസമായി ഇതിനുള്ള ശ്രമത്തിലായിരുന്നു.ഞായറാഴ്ച പുലർച്ചെ ഉപ്പളയിൽ വെച്ച് കുഴൽപ്പണക്കാരുടെ കാർ ഇവർ കണ്ടെത്തുകയും പിന്തുടരുകയുമായിരുന്നു. ഒടുവിൽ കാസർഗോഡ് വെച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്.ബഷീറാണ് കാർ ഓടിച്ചിരുന്നത്.ഇയാൾക്ക് സംഭവത്തെ കുറിച്ച് അറിയാമായിരുന്നുവെങ്കിലും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.ഇയാളെ ചോദ്യം ചെയ്തപ്പോൾ ഫോർട്ട് റോഡിൽ ചെറിയ സ്വർണ്ണക്കട നടത്തുന്ന രാമചന്ദ്ര പാട്ടീലിനു കൈമാറാനാണ് പണം കൊണ്ടുപോകുന്നതെന്ന് തെളിഞ്ഞു.ഇയാളെ ചോദ്യം  ചെയ്തതിനു പിന്നാലെ രാമചന്ദ്ര പാട്ടീലിന്റെ സ്വർണ്ണക്കടയിൽ നടത്തിയ റെയ്‌ഡിൽ 1.5 കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബിസ്‌ക്കറ്റുകളും ജീൻസ് ബട്ടന്റെ രൂപത്തിലുള്ള സ്വർണ്ണവും കണ്ടെത്തി.മംഗളൂരുവിൽ നിന്നും കറൻസി കൊടുത്തയച്ച മഹാരാഷ്ട്ര സ്വദേശി രവി മുംബൈയിലേക്ക് രക്ഷപ്പെട്ടതായും കസ്റ്റംസ് അധികൃതർ പറഞ്ഞു.ജീൻസ് ബട്ടന്റെ രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്തുന്നത്.ഉരുക്കിയാൽ മാത്രമേ ഇത് സ്വർണ്ണമാണെന്ന് തിരിച്ചറിയുകയുള്ളൂ.ഇതിനായി സ്വർണ്ണവും പണവും കടത്തുന്നതിന് ഒരു ദിവസം മുൻപ് കാർ മംഗളൂരുവിൽ നിശ്ചിതസ്ഥലത്തെത്തിക്കും.അവിടെവെച്ച് കാറിൽ പ്രത്യേക അറ നിർമിക്കുകയും അതിൽ പണം നിറയ്ക്കുകയും ചെയ്യും.ഇവർ നിയമിക്കുന്ന ഡ്രൈവർ പറഞ്ഞ സമയത്ത് കാർ മംഗളൂരുവിൽ നിന്നും കാസർകോട്ടെത്തിക്കും.പണമോ സ്വർണ്ണമോ കടത്തുന്ന കാര്യം ഡ്രൈവർമാർക്ക് അറിയാമെങ്കിലും ഇവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന വിവരം അവർക്ക് അറിയില്ല.

Previous ArticleNext Article