ഉളിക്കൽ:മലയോര പ്രദേശങ്ങളിൽ നിരവധി ആളുകൾക്ക് വിവിധ രാജ്യങ്ങളിലേക്കുള്ള വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. വള്ളിത്തോടെ സെന്റ്.ജൂഡ് നഗറിലെ കുന്നശ്ശേരി സെബാസ്റ്റ്യൻ(58) ആണ് പിടിയിലായത്. മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾക്കായി ഉളിക്കൽ എസ്‌ഐ ശിവൻ ചോടത്ത്,എ.എസ്‌ഐമാരായ കെ.സുരേഷ്,മോഹനൻ എന്നിവർ നടത്തിയ പരിശോധനയിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഓസ്ട്രേലിയ,ന്യൂസീലൻഡ്,കാനഡ എന്നിവിടങ്ങളിലേക്ക് വിസ തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് ഉളിക്കൽ,പയ്യാവൂർ,ഇരിട്ടി, കുടിയാംമല,കരിക്കോട്ടക്കരി,ചെമ്പേരി എന്നിവിടങ്ങളിലെ യുവാക്കളിൽ നിന്നും സെബാസ്റ്റ്യൻ ഉൾപ്പെട്ട സംഘം ലക്ഷങ്ങൾ കൈക്കലാക്കിയിരുന്നു.എന്നാൽ ഇവരിൽ മിക്കവരെയും വിയറ്റ്നാമിലേക്കാണ് കൊണ്ടുപോയത്.മതിയായ രേഖകളില്ലാതെ ഇവിടെയെത്തിയ ചെറുപ്പക്കാർ പലരുടെയും സഹായം കൊണ്ട് നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.ഇതിനു ശേഷം ഇവർ പോലീസിൽ നൽകിയ പരാതിയിലാണ് വൻ തട്ടിപ്പ് പുറത്തായത്.ഡൽഹിയിൽ നിന്നും നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സെബാസ്റ്റ്യൻ പോലീസിന്റെ പിടിയിലാകുന്നത്.ഇയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.