
പരിയാരം: നിയന്ത്രണം വിട്ട മിനിലോറി ബസ് ഷെല്‍ട്ടറിലേക്കു പാഞ്ഞുകയറി ഷെല്‍ട്ടറില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന രണ്ടുപേര്‍ക്കും മിനിലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. കൂത്തുപറമ്പ് കോട്ടയത്തങ്ങാടിയിലെ അസ്സു (65), അഞ്ചരക്കണ്ടിയിലെ ഔദത്ത് (43), മിനിലോറി ഡ്രൈവര്‍ ഇരിക്കൂറിലെ മുഹമ്മദ് ജാഫര്‍ (32) എന്നിവര്‍ക്കാണു പരിക്കേറ്റത്. മൂവരേയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.അസുവിന്റെ നില അതീവ ഗുരുതരമാണ്. ഇരുകാലുകള്‍ക്കും പരിക്കേറ്റ ഇദ്ദേഹത്തിന്റെ വലതുകാല്‍ മുറിച്ചുമാറ്റി. പരിയാരം മെഡിക്കല്‍ കോളജിനു മുന്‍വശം തളിപ്പറമ്പ് ഭാഗത്തേക്കു വരുന്ന ഭാഗത്തെ ഷെല്‍ട്ടറില്‍ ഇരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇവർ അഡ്മിറ്റായ രോഗികളെ കാണുന്നതിനു പരിയാരം മെഡിക്കല്‍ കോളജില്‍ വന്നു തിരിച്ചുപോകുന്നതിനു ബസ് കാത്തുനില്ക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.പയ്യന്നൂരില്‍നിന്നും തളിപ്പറമ്പ് ഭാഗത്തേക്കു വരുമ്പോള്‍ മഴയില്‍ നിയന്ത്രണം വിട്ടാണു മിനിലോറി ഷെല്‍ട്ടറിലേക്കു കയറിയതെന്നു പോലീസ് പറഞ്ഞു. ഷെല്‍ട്ടറിന്റെ മധ്യഭാഗത്തെ ഇരുമ്പുതൂൺ തകര്‍ന്ന് ഒടിഞ്ഞു കിടക്കുന്നതിനാല്‍ ഷെല്‍ട്ടര്‍ താഴേക്കുതാഴ്ന്ന് അപകടാവസ്ഥയിലാണ്. അപകടം നടക്കുമ്പോള്‍ ഇരുപതോളം പേര് ഷെല്‍ട്ടറിനകത്ത് ഉണ്ടായിരുന്നുവെങ്കിലും പുറത്തേക്ക് ഓടിമാറിയതിനാലാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്.