ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കുമാത്രം പ്രവർത്തിക്കുന്ന ‘കടലാസു കമ്പനി’കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തി. ഡൽഹി, ചെന്നൈ, കൊൽക്കത്ത, ചണ്ഡിഗഡ്, പാട്ന, റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മൂന്നൂറിലധികം കമ്പനികളുടെ ഓഫിസുകളിൽ പരിശോധന നടത്തിയതായാണ് വിവരം.
കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരം കമ്പനികളെ കണ്ടെത്തി നിയമത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 1150ൽ അധികം കടസാലു കമ്പനികൾ നികുതി വെട്ടിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ 2016 നവംബർ എട്ടിനുശേഷം മാത്രം ഇത്തരം കമ്പനികളുടെ സഹായത്തോടെ സഹായത്തോടെ അഞ്ഞൂറിലധികം പേർ 3,900 കോടി രൂപ വെളുപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം കമ്പനികളെ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ നീക്കം.