Kerala
ഇന്ധന വില ക്രമാനുഗതമായി കുറയ്ക്കണം
കൊച്ചി: രാജ്യത്തെ പെട്രോൾ/ഡീസൽ വില ക്രമാനുഗതമായി മാത്രമേ കുറക്കാവൂ എന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട പൊതുമേഖലാ എണ്ണ കമ്പനികളോടും ആവശ്യപ്പെട്ടു.
പുതുവർഷത്തോട് അനുബന്ധിച്ച് രാജ്യത്തെ എണ്ണ വിലയിൽ ഗണ്യമായ കുറവ് വരുത്തിയേക്കുമെന്ന മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് ലീഗൽ സൊസൈറ്റി നിവേദനത്തിലൂടെ ഇങ്ങനെയൊരു ആവശ്യമുന്നയിച്ചത്.
2021 നവംബർ മാസം കേന്ദ്ര സർക്കാർ എക്സ്സൈസ് ഡ്യൂട്ടി കുറച്ചതു വഴി പെട്രോളിന് അഞ്ചു രൂപയും, ഡീസലിന് പത്തു രൂപയും ചില്ലറ വിലയിൽ കുറവു വന്നിരുന്നു.തുടർന്ന് 2022 മേയിൽ വീണ്ടും എക്സ്സൈസ് ഡ്യൂട്ടിയിൽ കുറവു വരുത്തുക വഴി പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും കുറവു വന്നു.
ഈ രണ്ടു സന്ദർഭങ്ങളിലും രാജ്യത്തെ ഓരോ ഡീലർക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വന്നത്.
2017 ന് ശേഷം ഡീലർ കമ്മീഷനിൽ വർദ്ധനവ് വരുത്താൻ ഓയിൽ കമ്പനികൾ തയ്യാറായിട്ടില്ല. ദൈനംദിന ചിലവുകളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടും ഡീലർ കമ്മീഷൻ മാറ്റമില്ലാതെ തുടരുന്നത് ഈ മേഖലയെ വലിയ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. അതോടൊപ്പമാണ് പെട്രോൾ/ഡീസൽ വിലയിൽ ഉണ്ടാകാനിടയുള്ള വില വ്യത്യാസം.
മേൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകൾ കണക്കിലെടുത്ത്, ക്രമാനുഗതമായി മാത്രമേ ഇന്ധന ചില്ലറ വിലയിൽ മാറ്റം വരുത്താവൂ എന്ന് പെട്രോളിയം ട്രേഡേഴ്സ് ലീഗൽ സൊസൈറ്റി നിവേദനത്തിലൂടെ ശക്തമായി ആവശ്യപ്പെട്ടു.